Saturday, June 13, 2009

സുബര്‍ണ രേഖ

സുബര്‍ണ രേഖയായിരുന്നു സ്ക്രീനില്‍.
മഹാനായ ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ വിഖ്യാത ചിത്രം.
ഹാളിന്റെ ഒത്തനടുക്ക് സ്ഥാപിച്ച 60 എം.എം പ്രൊജക്ടറിന്റെ ഇടുങ്ങിയ വെളിച്ചപ്പാതയിലൂടെ
പൊട്ടലും ചീറ്റലുമുള്ള അനേകം ബ്ലാക്ക് ആന്റ് വൈറ്റ് ഫ്രെയിമുകളായി ജീവിതം, സ്ക്രീനില്‍.
വിഭജന കാലമാണ്.
അതുവരെ ഒന്നിച്ചു ദുരിതങ്ങള്‍ പകുത്തെടുത്ത മനുഷ്യര്‍ ഒറ്റ രാത്രി കൊണ്ട് ഹിന്ദുവും മുസ്ലിമും സിഖുമായി പരസ്പരം കൊലവിളിയും നിലവിളിയുമായ നേരം.
കലാപത്തിന് എന്നും എവിടെയും ഒരേ സാധ്യതകളാണ്. വാള്‍മുനയുടെ ശൌര്യത്തില്‍ ഏതു വീടും കുത്തിത്തുറക്കാം. കണ്ണില്‍കണ്ടവരെ വെട്ടിനുറുക്കാം. മുന്നില്‍കാണുന്ന പെണ്‍കുട്ടിയെ പൊക്കിയെടുത്ത് ഉറ്റവരുടെ കണ്‍മുന്നില്‍ കടിച്ചുകുടയാം. അരുതെന്ന കൈകൂപ്പലുകളെ ഒറ്റച്ചവിട്ടിന് തീര്‍ക്കാം. എല്ലാം കഴിഞ്ഞ് മുറ്റത്ത് വീറോടെ നിന്ന് എണ്ണയും തീയും കൊണ്ട് വീടിന് നന്ദി പറയാം. അടുത്ത ഇരയുടെ മിടിക്കുന്ന നെഞ്ചിടിപ്പിലേക്ക് വാള്‍മുനകൊണ്ട് പാലം തീര്‍ക്കാം.
അങ്ങനെ, ചോരയും കണ്ണീരും മാത്രം കൊണ്ട് തിമിര്‍ത്താടാവുന്ന അനേക സാധ്യതകള്‍.

സ്ക്രീനിലിപ്പോള്‍ വിഭജനത്തിന്റെ എക്കാലത്തെയും ഉള്ളുകീറുന്ന ദൃശ്യങ്ങള്‍.
സര്‍വതും നശിച്ച ശേഷം കൈവന്ന ജീവനും കൊണ്ട് ഒച്ചവെക്കാതെയുള്ള നെട്ടോട്ടങ്ങള്‍.
കത്തുന്ന സൂര്യന്‍ ഒരു ചാണ്‍ മുകളില്‍. കാലടികള്‍ക്ക് താഴെ തിളക്കുന്ന മണ്ണ്. നെടുവീര്‍പ്പുകള്‍.
തളര്‍ന്നു വീഴുന്നവരെ തിരിഞ്ഞുനോക്കാന്‍ കരുണതോന്നാത്ത അനന്ത പലായനങ്ങള്‍.
ചെന്നെത്തേണ്ടിടത്ത് കാത്തുനില്‍ക്കുന്ന ഭാവിയെക്കുറിച്ച പകച്ചുനോട്ടങ്ങള്‍.
എല്ലാം മറന്ന് ജീവിതം വേരുറച്ചാലും ഒഴിയാതെ ഒപ്പം കൂടുന്ന വൈയക്തിക ദുരന്തങ്ങളുടെ തീക്കാറ്റ്. ആളിക്കത്തുന്ന ദിനങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ രക്തസ്നാനം.

എല്ലാ പച്ചപ്പും വറ്റി ഉണങ്ങിപ്പോയ മനുഷ്യ ജന്‍മങ്ങളാണ് സ്ക്രീനില്‍.
കണ്ണു നനയിക്കുന്ന ജീവിത സന്ധികളില്‍ അവരുടെ ഹതാശ മിഴികള്‍. സിനിമക്കകത്തുനിന്ന് ഭീതിയും നെഞ്ചിടിപ്പുകളും കാഴ്ചക്കാരനിലേക്ക് പകര്‍ച്ചവ്യാധിപോലെ പടരുന്ന അനുഭവം.
എല്ലാ നല്ല സിനിമകളെയും പോലെ സുബര്‍ണ രേഖയും കാണിയെ
സ്വന്തം ജീവിതത്തിന്റെ മുറ്റത്ത്തന്നെ കൊണ്ടിറക്കുന്നു.
സ്ക്രീനിലെ പോലെ തന്നെ നമ്മുടെ ജീവിതവും.
വീടുകളില്‍ പ്രിയപ്പെട്ടവര്‍. നാട്ടില്‍ ഉറ്റ ചങ്ങാതിമാര്‍. ആരുമറിയാതെ തെരുവില്‍ ഉരുണ്ടുകൂടാവുന്ന കലാപങ്ങളുടെ വിഷമേഘ സാധ്യതകള്‍. ആരുടെയൊക്കെയോ ചോരയിലേക്ക് പുളഞ്ഞുകയറാന്‍
നാവു നീട്ടുന്ന കഠാര മുനകള്‍.
സിനിമ സ്വന്തം ജീവിതത്തിന്റെ സാധ്യതകളിലേക്ക് പരകായ പ്രവേശം നടത്തുമ്പോള്‍ പിന്നെ ഓരോ മിടിപ്പും ഭയത്തിന്റേത് മാത്രമാണ്. ഉള്ളില്‍ സാധ്യതകള്‍, വിപല്‍ശങ്കകള്‍. മനസ്സിലാകെ ഇപ്പോള്‍ സ്വന്തം വീട്.
ഈ കലാപം എന്റെ നാട്ടിലെങ്കില്‍. ആക്രമിക്കപ്പെടുന്നത് എന്റെ വീടെങ്കില്‍...
എങ്കില്‍, ചവിട്ടിയരക്കപ്പെടുന്നത് എന്റെ പെങ്ങളാവും. അരിഞ്ഞുവീഴ്ത്തപ്പെടുന്നത് എന്റെ സഹോദരന്‍. അറ്റമില്ലാത്ത ജീവിത ദുരിതങ്ങളിലേക്കുള്ള പലായനം എന്റെ വിധി. ചിന്ത മുറുകവേ, കൊതി മൂത്തൊരു കഠാരത്തിളക്കം എന്റെ ചോരക്കായി ഏതോ തെരുവില്‍ അക്ഷമയോടെ കാത്തുനിന്ന് മടുക്കുന്നത്
ഉള്ളിലെ ഏതോ ഞരമ്പറിഞ്ഞു. പൊടുന്നനെ മനസ്സ് കെട്ടു.
അന്നേരം സ്ക്രീനിലെ വെളിച്ചവുമണഞ്ഞു. സിനിമ തീര്‍ന്നു.

വളരെ കുറച്ചുപേര്‍ മാത്രമുള്ള ഒരു സിനിമാ പ്രദര്‍ശനമായിരുന്നു അത്.
പഠിക്കുന്ന കോളജില്‍നിന്ന് ഒരു മണിക്കൂറിന്റെ യാത്രയുള്ള സ്ഥലത്തെ ഫിലിം സൊസൈറ്റി നടത്തുന്നത്.
എല്ലാ ശനിയാഴ്ചയും പതിവ് സ്ക്രീനിംഗ്. വൈകിട്ട് ആറരക്കാണ് സിനിമ തുടങ്ങിയത്. തീരുമ്പോള്‍
രാത്രി ഇരുണ്ടു. ബിരുദ പഠന കാലമാണ്. തലശേãരിയിലെ നൂറ്റാണ്ട് പഴക്കമുള്ള ബ്രെണ്ണന്‍ കോളജില്‍. കോളജിനടുത്ത് വാടക വീട്ടിലാണ് താമസം. ശനിയാഴ്ചത്തെ അവധി ദിവസം പാഴാക്കാന്‍
താല്‍പര്യമില്ലാതെ മുറിയിലെ ചങ്ങാതിമാര്‍ സ്വന്തം വീടണഞ്ഞിരുന്നു.
സിനിമ കണ്ടിറങ്ങിയവരൊക്കെ അടുത്തുള്ളവരാണ്.
എന്തൊക്കെയോ പറഞ്ഞ് അവര്‍ വീടുകളിലേക്ക് നടക്കുന്നു. സിനിമയുടെ ഭാരം കെട്ടിനിന്ന മനസ്സോടെ
ബസ് സ്റ്റോപ്പിലേക്ക് നടന്നു. സമയം അത്രയൊന്നുമായിട്ടില്ല. ഹൈവേയാണ്. എപ്പോഴും ബസ് കാണും.
എന്തോ ഒരസ്വാഭാവികത മണത്തു. കടകളെല്ലാം ഇത്ര വേഗം അടച്ചതെന്തേ. ആളുകളെയൊന്നും കാണുന്നില്ല. ബസ്സ്റ്റോപ്പിനടുത്ത് കടത്തിണ്ണകളില്‍ ഉറങ്ങുന്ന മനുഷ്യരെ പോലും കാണാനായില്ല.
ഓ, എന്തെങ്കിലും കാരണം കാണും. അനാവശ്യമായ ആലോചനകള്‍ വെറുതെ പേടിപ്പിക്കും. അതൊഴിവാക്കുന്നതാണ് നല്ലത്. മനസ്സ് സുവര്‍ണരേഖയില്‍ ചെന്നു നിന്നു. സിനിമയിലെ
പച്ച ജീവിതങ്ങളെക്കുറിച്ച പല മാതിരി വിചാരങ്ങള്‍. അതിനിടയില്‍പെട്ട് അങ്ങനെ നിന്നു.
കണ്ണില്‍ ചെറിയ ഉറക്ക ക്ഷീണം.
നില്‍പ്പ് തുടര്‍ന്നപ്പോള്‍ മനസ്സിലായി വാച്ചിലെ സമയക്കണക്കിന്റെ ഭാരം.
അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ബസ് വന്നില്ല. ഒരു വാഹനവും. ദൈവമേ, ഇനി...
ഒറ്റക്കായൊരു തെരുവില്‍ അകപ്പെടുന്നതിന്റെ കാല്‍പ്പനികതയെ മറി കടന്ന് പെട്ടെന്ന്
തീക്കട്ടപോലൊരു ഭയം അരിച്ചു കയറി വന്നു. പൊടുന്നനെ, ഒരു വാഹനം മുന്നില്‍ ബ്രേക്കരച്ചു നിന്നു.
പോലിസ് ജീപ്പ്.

' എന്താടാ ഇവിടെ'
കാര്യം പറഞ്ഞു തീര്‍ക്കാനൊന്നും അവര്‍ക്ക് നേരമില്ല. അകാരണമായ ധൃതി പോലെ.
പഠിക്കുന്ന കോളജിന്റെ പേരു പറഞ്ഞപ്പോള്‍ ജീപ്പിനുള്ളില്‍നിന്ന് ചെറുപ്പക്കാരനായ
ഒരു പോലിസുകാരന്‍ തലപുറത്തേക്കിട്ടു. 'വാ കയറിക്കോ. വണ്ടിയൊന്നുമില്ല. ഹര്‍ത്താലാ'^
അവരുടെ ധൃതി മനസ്സിലായി. ആശങ്കയോടെ, എന്നാല്‍, ഇത്തിരി സമാധാനത്തോടെ വണ്ടിയിലേക്ക് കയറി.
ഒന്നു ഞരങ്ങി വണ്ടി കുതിച്ചുപാഞ്ഞു.
'ഞാനും ബ്രണ്ണനില്‍ പഠിച്ചതാ'^പോലിസുകാരന്‍ സൌഹൃദത്തിന്റെ കാണാക്കൈ നീട്ടി.
ഭീതി നിറഞ്ഞ ആ അന്തരീക്ഷത്തില്‍ ആ ചങ്ങാത്തക്കൈ വല്ലാത്ത അശ്ളീലം പോലെ തോന്നി.
തലശേരിയില്‍ വീണ്ടും അക്രമം.
മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരു പാര്‍ട്ടികളിലുമുള്ള കുറേ പേര്‍ക്ക് വെട്ടേറ്റു. രാത്രിയാണ് സംഭവം.
പൊടുന്നനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വണ്ടിയുണ്ടാവില്ല. തലശേãരി വരെ ജീപ്പില്‍ പോവാം.
അവിടെനിന്ന് കോളജിലേക്ക് എങ്ങിനെയെങ്കിലുമെത്തണം. പോലിസുകാരന്‍ ചുരുക്കിപ്പറഞ്ഞ
കാര്യങ്ങള്‍ സംഗ്രഹിച്ചപ്പോള്‍ എത്തിപ്പെട്ട അവസ്ഥയുടെ ഭീകരത വെളിവായി.
ജീപ്പിലെ വയര്‍ലസ് സെറ്റില്‍ ആക്രമണ വിവരങ്ങള്‍ മുഴക്കത്തോടെ വന്നുനിന്നു. ഭയാശങ്കകളുടെ
ആ നിശബ്ദതയില്‍ വയര്‍ലസിലെ ചോരത്തണുപ്പുള്ള വിവരങ്ങള്‍ ഞരമ്പിലേക്ക് ഭീതിയുടെ സൂചിമുന കയറ്റി. പേടി, രോഗം പോലെ സര്‍വ അവയവങ്ങളെയും തളര്‍ത്തി. അറവുകത്തിക്കുമുന്നില്‍ കലപില കൂട്ടുന്ന ഇറച്ചിക്കോഴികളെ പോലെ പോലിസുകാര്‍ ഇടക്കിടെ തമാശ പറഞ്ഞു ചിരിച്ചു. വണ്ടി തലശേരിയിലെത്തി.
പഴയ ബസ്സ്റ്റാന്റിനരികെ പോലിസ് സ്റ്റേഷനു മുന്നില്‍ അവരെന്നെ ഇറക്കി. എന്തു ചെയ്യണമെന്ന് ആലോചിക്കുമ്പോഴേക്ക് വണ്ടി വിട്ടു.

തൊട്ടരികില്‍ സര്‍ക്കാര്‍ ആശുപത്രിയാണ്.
ഓട്ടോറിക്ഷയിലും ജീപ്പിലുമൊക്കെയായി വെട്ടേറ്റ് മുറിഞ്ഞും തറഞ്ഞും നിലവിളിച്ചും മനുഷ്യര്‍ വന്നുകൊണ്ടേയിരുന്നു. പോലിസ് ജീപ്പുകള്‍ ചുവന്ന ലൈറ്റിട്ട് പാഞ്ഞുനില്‍ക്കുന്നു.
എത്ര നേരം അവിടെ നിന്നെന്നറിയില്ല. പൊടുന്നനെ ഭീതി ഉള്ളിലെ നിസ്സംഗതയെ കുടഞ്ഞെറിഞ്ഞു.
ഇനിയിവിടെ നില്‍ക്കുന്നത് അപകടമാണ്. എത്രയും വേഗം കോളജിലെത്തണം. അധികമാലോചിച്ചില്ല.
ഒറ്റ നടത്തം.

വഴിയിലാകെ ഇരുള്‍.
കോടതിക്കു സമീപം പതിവായി ചെന്നിരിക്കാറുള്ള കടല്‍ക്കര. അത്ര നാളും കേള്‍ക്കാത്ത ക്രൌര്യം കടലിരമ്പത്തിന്. അത് ശേഷിക്കുന്ന ധൈര്യവും കെടുത്തി. നേരെ നടന്നു. മുന്നിലാരുമില്ല. നടത്തത്തിന്
വേഗം കൂടി. പൊടുന്നനെ മറ്റൊരു വണ്ടി പിറകില്‍. തിരിഞ്ഞുനോക്കി. പോലിസ്.
കഠോരമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഇത്തിരി മയമുള്ള ശബ്ദത്തില്‍ പോലിസുകാരന്‍ പറഞ്ഞു.
'വേഗം വിട്ടോ. ഇറച്ചിയില്‍ മണ്ണ് പറ്റും'
കാലുകള്‍ നീങ്ങാത്ത പോലെ തോന്നി.
ഉടലിന് ഭാരം പെട്ടെന്ന് കൂടി. കാലുകള്‍ വലിച്ചു നടന്നു. ആളൊഴിഞ്ഞ പാതയില്‍ മഞ്ഞ വെളിച്ചം.
കിതപ്പ് മാറ്റാന്‍ പോലും നില്‍ക്കാതെ നാലുചുറ്റും കണ്ണയച്ച് നടത്തം. ഏത് നിമിഷവും വരാം, ഇരുട്ടില്‍നിന്നാരു കത്തിമുന. ദയാരഹിതമായി അതെന്റെ മാംസത്തിലേക്ക് പാഞ്ഞുകയറുന്നത് ഓര്‍ത്തപ്പോള്‍ പല്ല് പുളിച്ചു.
ഹൈവേ കഴിയാറായി.
ഇനി ചെറിയ റോഡ്. കോളജിലേക്ക് പത്ത് മിനിറ്റ് കൂടി. എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ രക്ഷപ്പെട്ടു. വളവു തിരിഞ്ഞതും ദൂരെ അടുത്ത വളവില്‍ ഒരു വാഹനം പാഞ്ഞുവന്നു നിന്നത് കണ്ടു.
അതില്‍നിന്നിറങ്ങി ആരൊക്കെയോ അടുത്ത വീട്ടിലേക്ക് പായുന്നു. കൈയില്‍ ആയുധങ്ങള്‍ കാണാം.
ശ്വാസം നിലച്ചു. ഇത് തന്നെ ആ സമയം. എല്ലാം തീരാന്‍ പോവുന്നു. ജൈവികമായ എന്തോ
കരുതല്‍ ഉണ്ടായി. അടുത്തുള്ള ഹോട്ടല്‍ കെട്ടിടത്തിന്റെ പുറകിലേക്ക് പാഞ്ഞു.
പാത്രങ്ങള്‍ കഴുകിയ വെള്ളമാണ് കെട്ടിനില്‍ക്കുന്നത്. അങ്ങോട്ടിറങ്ങിനിന്നു. നെഞ്ചിടിപ്പ് കൂടി.
പൊടുന്നനെ കനത്ത ശബ്ദത്തില്‍ ഒരു ബോംബ് പൊട്ടി. തളര്‍ന്നു വീഴുമെന്ന് തോന്നി.
കണ്ണുകള്‍ ഇറുകിയടച്ചു. ബഹളം.
കണ്ണടച്ചുള്ള ആ നില്‍പ്പിന്റെ സൂക്ഷ്മതയിലേക്ക് പൊടുന്നനെ ഒരു വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം വന്നലച്ചു.
നോക്കിയപ്പോള്‍ ആ ജീപ്പാണ്. വന്ന വഴിയെ വളച്ചെടുത്ത് അത് തിരിച്ചുപായുന്നു.
ശ്വാസം വീണതപ്പോഴാണ്. ഏറെ നേരം അങ്ങനെ നില്‍ക്കാനായില്ല. എങ്ങനെയെങ്കിലും കോളജില്‍ എത്തണം.
ഒറ്റ നടത്തം. അല്ല പാച്ചില്‍. വഴിയില്‍ പഴയ ജീപ്പുകാരെ കണ്ടാലോ എന്ന പേടി അതോടെ വേഗം ഇത്തിരി കുറഞ്ഞു. അക്രമികള്‍ കയറിയിറങ്ങിയ വീട്ടിലേക്ക് അയല്‍ വീടുകളില്‍നിന്ന് ആരൊക്കെയോ ഓടി വരുന്നത് കണ്ടു. നോക്കിനില്‍ക്കാന്‍ പോയില്ല. ഓടി. കാല്‍ കുഴയുമെന്ന് തോന്നി. എന്നും പോവുന്ന വഴിയായിട്ടും അതേതോ അപരിചിത ദേശമെന്ന് തോന്നി. നിലത്ത് കാല്‍കുത്താനാവാത്ത പോലെ.
ഏന്തിവലിഞ്ഞ് നടക്കുമ്പോള്‍ ഉടുപ്പുരയുന്ന ശബ്ദം പോലും ഭയപ്പെടുത്തി.
മുന്നില്‍ കോളജിന്റെ ഗേറ്റ് കണ്ടു.
അതിനപ്പുറം, ഞാന്‍ താമസിക്കുന്ന വാടക വീട്ടിലേക്കുള്ള വഴി. ഇതു വരെ വെളിച്ചത്തിലായിരുന്നു നടത്തം.
ഇനി ഇരുട്ടാണ്. നേരെ നടന്നു. വേദനയാല്‍ കാല്‍ പുളഞ്ഞു. യാന്ത്രികമായി ചലിച്ചു ശരീരം.
താഴേക്കുള്ള വഴിയിലെത്തി. ഇനി വീട്. സന്തോഷം തോന്നി.
പെട്ടെന്ന് ഉഗ്രശബ്ദത്തില്‍ ബോംബ് പൊട്ടി.
ദൈവമേ, അവരിവിടെ എവിടെയോ ഉണ്ട്. നെഞ്ചില്‍ ആരോ കല്ല് കൊണ്ടിട്ടപോലെ. നടത്തം
പതുക്കെയായി. അനക്കം പുറത്തുകേള്‍പ്പിക്കാതെ. ഇഴഞ്ഞിഴഞ്ഞ് വീട്ടിലേക്കുള്ള പടവ് കയറി.
ലൈറ്റിടാന്‍ ഭയം തോന്നി. ഇരുട്ടില്‍ എത്ര തപ്പിയിട്ടും താക്കോല്‍ കാണുന്നില്ല. വീട്ടിലാരുമില്ല.
സഹമുറിയന്‍മാര്‍ വീടുകളില്‍ സുഖസുഷുപ്തിയിലാവും. ഒറ്റക്ക് എങ്ങനെ കഴിച്ചുകൂട്ടും എന്നോര്‍ത്തു.
പെട്ടെന്ന് താക്കോല്‍ കണ്ടു. വാതില്‍ എങ്ങനെയോ തുറന്നു. അകത്ത് കയറിയതും വാതിലിന്റെ തഴുതിട്ടു.
ലൈറ്റിട്ടില്ല. ഇരുട്ടില്‍ നേരെ ചെന്നു കിടന്നു. രാവിലെ കുടിച്ചു ബാക്കിയായ വെള്ളം കട്ടിലിനുമേല്‍ കണ്ടു.
അത് ഒറ്റ വീര്‍പ്പിന് തൊണ്ടയിലേക്ക് ഒഴിച്ചു.
മുറിയിലിപ്പോള്‍ ഇരുട്ട് മാത്രം.
അകലെ ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. കടലിനു നടുവിലെ ഒറ്റപ്പെട്ട ദ്വീപിലാണെന്ന് തോന്നി.
കണ്ണടച്ച് കിടന്നു. ഇരുട്ടിലാണ് സര്‍വതും. പൊടുന്നനെ ആ ഇരുളില്‍ ഒരു സ്ക്രീന്‍ തെളിഞ്ഞു.
അതില്‍ സുവര്‍ണ രേഖ എന്ന വാക്ക് തെളിഞ്ഞ നിമിഷം ഓര്‍മ വന്നു.
ഭയം കുടഞ്ഞെറിഞ്ഞ് , പൊടുന്നനെ നെഞ്ചകത്തുനിന്ന് പതഞ്ഞുയര്‍ന്നു, ഒരു കരച്ചില്‍...

4 comments:

  1. സംഭ്രമ ജനകം.
    നന്നായിരിക്കുന്നു.

    ഈ ബ്ലോഗ്‌ ഇപ്പോഴാണ്‌ കാണുന്നത്‌.

    ReplyDelete
  2. ഒരു അക്രമത്തിന്റെ ഭീകരത മുന്നില്‍ കണ്ട തോന്നല്‍..

    ReplyDelete
  3. vallathea pedichu,
    enikk eshtamayi
    pls vist my blog also
    www. bhoopadam .blogspot.com

    ReplyDelete