Wednesday, July 15, 2009

സ്മൃതികളിങ്ങനെ വരയുന്നു ജീവിതം


മുന്നിലുണ്ട്, രാജേഷ്.സദാ തെളിച്ചമുള്ള അവന്റെ ചിരിക്കുന്ന മുഖം. നീണ്ടുനിവര്‍ന്ന് അവന്റെ നടപ്പ്. ഉറ്റവര്‍ കഥാപാത്രങ്ങളാവുന്ന അവന്റെ കാക്കത്തൊള്ളായിരം കഥകള്‍. ഗൌരവമോ, അതെന്ത് മണ്ണാങ്കട്ട എന്നു പറയാതെ പറയുന്ന പല മട്ടിലുള്ള തമാശകള്‍. ഒറ്റവരി വെട്ടാനാവാതെ അകമേ പൂര്‍ണമാവുന്ന അവന്റെ റിപ്പോര്‍ട്ടുകള്‍. കാച്ചി അരംവെപ്പിച്ച കത്തിപോലെ നാടുവാഴുന്നോരുടെ അകംപുറം മുറിക്കുന്ന അവന്റെ രൂക്ഷപരിഹാസ രചനകള്‍. എല്ലാറ്റിനുമപ്പുറം, ഒറ്റ വാക്കുകൊണ്ട് ഏതു കാര്‍മേഘത്തെയും പഞ്ഞിക്കീറാക്കുന്ന തീവ്രസ്നേഹത്തിന്റെ ചൂടുള്ള കൈത്തലം.

മുന്നിലിപ്പോള്‍ അവന്റെ പുസ്തകം നമത് വാഴ്വും കാലവും: ജി. രാജേഷ്കുമാര്‍^ രചനകള്‍, സ്മരണകള്‍. ചൂണ്ടുവിരലിനും നടുവിരലിനുമിടയില്‍ അവന്‍ പിടിച്ച തടിപ്പേന കവറില്‍. നിറഞ്ഞ ചിരിയുടെ പതിവു വൈകുന്നേരങ്ങളില്‍ മുറിച്ചുമാറ്റിയൊരു നേരം പിന്‍കവര്‍ ചിത്രം. ഇടയില്‍ 421 പേജുകള്‍. അവന്‍ ജീവിച്ച കാലത്തെ അടയാളപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍, കുറിപ്പുകള്‍, ലേഖനങ്ങള്‍, കോളം പിന്നെ, ഓര്‍മക്കുറിപ്പുകള്‍. പല ജീവിതങ്ങള്‍കൊണ്ട് ഒരുവനെ അളക്കുന്ന വിധം.

1975 ഒക്ടോബര്‍ രണ്ടിന് പത്തനംതിട്ട ജില്ലയില്‍ പ്രമാടത്ത് ജനനം. അച്ഛന്‍ പി.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍. അമ്മ രത്നമ്മ. സഹോദരി രാജി. പത്തനംതിട്ട കാത്തലിക്കറ്റ് കോളജ്, കോഴഞ്ചേരി സെന്റ്തോമസ് കോളജ്, കാക്കനാട് പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള മനോരമയില്‍ പാര്‍ട്ട്ടൈം ലേഖകന്‍. കുവൈത്ത് ടൈംസ്, അമേരിക്കന്‍ മലയാളി എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. രണ്ടായിരം മുതല്‍ മാധ്യമം സ്റ്റാഫ് ലേഖകന്‍. 2008 മാര്‍ച്ച് 15ന് മരണം.രാജേഷിന്റെ ഈ ബയോഡാറ്റയില്‍നിന്നാണ് പുസ്തകം തുടങ്ങുന്നത്. അതിനപ്പുറം, കേരളത്തിന്റെ വര്‍ത്തമാനങ്ങള്‍, വിദ്യാഭ്യാസം, നിയമസഭ അവലോകനം, നമത് വാഴ്വും കാലവും, വ്യക്തിചിത്രങ്ങള്‍ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി രചനകള്‍. ഇവിടെയെത്തുമ്പോഴാണ് കളി കാര്യമായി മാറുന്നത്. ബയോഡാറ്റയിലെ അയ്യോപാവം കുട്ടിയല്ല രചനകളില്‍. ജീവിക്കുന്ന കാലത്തെയും ലോകത്തെയും മുള്‍മുനയുള്ള ആര്‍ജവവും ബൌദ്ധികമായ സത്യസന്ധതയുംകൊണ്ട് അളന്നുമുറിച്ച് പരിശോധിക്കുന്ന കണിശബുദ്ധിയായ മാധ്യമപ്രവര്‍ത്തകനാണ് ആ താളുകളില്‍. ഏതിരുട്ടും വകഞ്ഞുമാറ്റുന്ന ആഴമുള്ള ഉള്‍ക്കാഴ്ചയും ലളിതമെങ്കിലും ധ്വന്യാത്മകമായ ഭാഷയുംകൊണ്ട് സാദാ പത്രപ്രവര്‍ത്തനത്തെ മറികടക്കുന്ന ചുറുചുറുക്കാണ് ആ വരികള്‍ക്ക്. പാകത വന്ന രാഷ്ട്രീയ സാംസ്കാരിക ബോധമാണ് അതിന്റെ കാതല്‍.

ആമുഖക്കുറിപ്പില്‍ മാധ്യമ പത്രപ്രവര്‍ത്തകനായ ഗൌരി ദാസന്‍ നായര്‍ പരാമര്‍ശിക്കുന്ന 'ചാവുവര' (ഡെഡ്ലൈന്‍) പരിമിതികള്‍ക്കിടയില്‍നിന്നു തന്നെയാണ് ഇവയോരോന്നും പിറന്നത്. എഡിറ്റോറിയല്‍ ഡെസ്കില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രണ്ടാമതൊന്ന് വായിച്ചുനോക്കാന്‍പോലും നേരമില്ലാതെ എഴുതേണ്ടിവരുന്നവ. എങ്കിലും രാജേഷിന്റെ എഴുത്ത് ഈ പരിധികളെ ഉല്ലംഘിക്കുന്നു. 24 മണിക്കൂറിന്റെ ആയുസ്സുപോലുമില്ലാത്ത വാര്‍ത്താ ഉല്‍പന്നങ്ങളെ കാലത്തെ അതിജയിക്കുന്ന മാധ്യമശില്‍പമാക്കുന്ന കരവിരുത് ഈ സൃഷ്ടികള്‍ക്കുണ്ട്. ഇത് കേവല ഭാഷാചാരുതയോ ആഖ്യാനപാടവമോ കൊണ്ട് സൃഷ്ടിക്കുന്നതല്ല. മറിച്ച്, ജീവിച്ച കാലത്തോടും ചെയ്ത ജോലിയോടുമുള്ള പൂര്‍ണ സത്യസന്ധതയാണ്. സ്വന്തം ജനതയോടുള്ള തികഞ്ഞ പ്രതിബദ്ധതയും കാലത്തിന്റെ കൈരേഖ വായിക്കാനുള്ള പാടവവും ഉള്ളിലെ നേരുകള്‍ പച്ചയായി പകര്‍ത്താനുള്ള പ്രതിഭയും ഒത്തുചേരുമ്പോള്‍ മാത്രമേ ഇങ്ങനെയൊന്ന് സാധ്യമാവൂ. മാധ്യമപ്രവര്‍ത്തനം നല്‍കുന്ന സുഖാനുഭവങ്ങളില്‍ അഭിരമിക്കാത്ത ജീവിതത്തിനേ ഇത് പ്രാവര്‍ത്തികമാക്കാനാവൂ. രണ്ടു കൈകളും കൊണ്ടെഴുതുന്ന 'ബുദ്ധിശാലി'കള്‍ക്കിടയില്‍നിന്ന് ഏറെയൊന്നുമെഴുതാതെ രാജേഷിന് കാലത്തെ അടയാളപ്പെടുത്താനാവുന്നത് ജീവിതത്തിന്റെ അകംപുറം കാണാനുള്ള കഴിവുകൊണ്ടുതന്നെയാണ്.

കേരളപ്പിറവിയുടെ വാര്‍ഷികം, സന്നദ്ധ സംഘടനകളുടെ രാഷ്ട്രീയം, കോവളത്തെ വിദേശീബാന്ധവങ്ങള്‍, അമ്മത്തൊട്ടില്‍ കാഴ്ചകള്‍, ട്രോളിംഗ് നിരോധത്തിന്റെ യാഥാര്‍ഥ്യം, കേരളത്തിലെ റോഡുകളുടെ ഉള്ളിലിരിപ്പ്, കാമ്പസ് രാഷ്ട്രീയം, സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നിങ്ങനെ വിഷയങ്ങളാണ് ആദ്യ ഭാഗത്ത്. കോണ്‍ഗ്രസുകാരനെന്ന നിലയില്‍ പി.കെ. ശ്യാംകുമാര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം, കാര്‍ട്ടൂണിസ്റ്റ് കെ. സുജിത്തിന്റെ ജീവിതചിത്രം, അയ്യപ്പപ്പണിക്കരുടെ വ്യക്തിചിത്രം, മുന്‍ നക്സല്‍ നേതാവ് ടി.എന്‍. ജോയി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്‍കിയ പരാതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവയും ഈ ഭാഗത്തുണ്ട്. വിഭിന്നതയുടെ ആഘോഷങ്ങളാണ് ഈ എഴുത്തുകള്‍. ആഖ്യാനത്തിലും ഭാഷയിലും വിഷയങ്ങളിലും വ്യത്യസ്തം. എങ്കിലും എല്ലാത്തിലും അടിവരയായി രാജേഷിന്റെ രാഷ്ട്രീയബോധം വേറിട്ടുനില്‍ക്കുന്നു.

വിദ്യാഭ്യാസമായിരുന്നു റിപ്പോര്‍ട്ടറെന്ന നിലയില്‍ രാജേഷിന്റെ ബീറ്റ്. പാഠ്യപദ്ധതി പരിഷ്കരണങ്ങളെ ആഴത്തില്‍ പഠിച്ചെഴുതിയ റിപ്പോര്‍ട്ടുകളാണ് ഇവ. എ.കെ. ആന്റണി സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിന്റെ രാഷ്ട്രീയം സൂക്ഷ്മമായി പരിശോധിക്കുന്നതാണ് 'ഇനി പണമുള്ളവര്‍ പഠിക്കട്ടെ' എന്ന റിപ്പോര്‍ട്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു, ജനവഞ്ചനക്ക് ഒരു സ്വാശ്രയ മാതൃക എന്ന റിപ്പോര്‍ട്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളും പാഠപുസ്തക കമ്മിറ്റി റിപ്പോര്‍ട്ടുകളും നിലകൊള്ളുന്ന വൈരുധ്യങ്ങളുടെയും കാപട്യങ്ങളുടെയും ആഴം മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണാം. പണമുള്ളവനു മാത്രമായി പള്ളിക്കൂടം മാറുകയും പള്ളികളും പട്ടക്കാരും വിദ്യാഭ്യാസത്തിന്റെ ഭാവി തീരുമാനിക്കുകയും ചെയ്യുന്ന സമകാലത്തെ സാധാരണക്കാരന്റെ മക്കള്‍ക്കുവേണ്ടി വിചാരണ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെയാണ് ഇവിടെ കാണാനാവുക. വിദ്യാഭ്യാസമെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ റിപ്പോര്‍ട്ടും ലേഖനങ്ങളും തട്ടിവിടുന്നവരുടെ കൂട്ടത്തിലായിരുന്നില്ല രാജേഷ്. വ്യക്തമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെ വിദ്യാഭ്യാസരംഗത്തെ സമഗ്രമായി പഠിച്ചും മെനക്കെട്ടുമായിരുന്നു രാജേഷിന്റെ നിരീക്ഷണങ്ങള്‍.

2005 ജൂലൈ നാലു മുതല്‍ 2008 മാര്‍ച്ച് 14 വരെ വിവിധ നിയമസഭാ സമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് രാജേഷ്. കോമാളികളുടെ മാത്രം സര്‍ക്കസ് എന്ന നിലയില്‍ പലപ്പോഴും സഭ തരംതാഴുമ്പോള്‍ ഇതിനല്ല സഭയെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു രാജേഷിന്റെ റിപ്പോര്‍ട്ടുകള്‍. സഭാ നടപടികളുടെ കേവല വിവരണമായിരുന്നില്ല അവ. രൂക്ഷവിമര്‍ശത്തിന്റെയും പരിഹാസത്തിന്റെയും അച്ചുകളിലേക്ക് സഭയെ ഉരുക്കിയൊഴിച്ച് പാകപ്പെടുത്തുന്നവയായിരുന്നു. വഴിയേ പോവുന്നവനെയും വായിപ്പിക്കുന്ന, ചിരിപ്പിക്കുന്ന ഭാഷാവൈഭവം അവക്കുണ്ടായിരുന്നു. സഭാ സ്തംഭനചരിതം: രണ്ടാം ദിവസം, ഒഴിഞ്ഞ ബെഞ്ചുകള്‍ക്കു മുന്നില്‍ സ്വകാര്യ ബില്ലുകള്‍, ബുദ്ധി കൂടിയതിന്റെ ബുദ്ധിമുട്ടുകള്‍, ഇറങ്ങിപ്പോക്കില്‍ തുടക്കം; ഒന്നായി മടക്കം എന്നീ ശീര്‍ഷകങ്ങളുടെ ശീര്‍ഷാസനം ശ്രദ്ധിക്കുക.

2006^08 കാലത്ത് മാധ്യമം തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധീകരിച്ച 'നമത് വാഴ്വും കാലവും' എന്ന കോളമാണ് പുസ്തകത്തിലെ നാലാം ഭാഗം. തലസ്ഥാന നഗരിയിലെ പലമാതിരി തലതിരിയലുകളെ നോക്കിയുള്ള ചാക്യാര്‍ ചിരിയാണ് ഈ കുറിപ്പുകള്‍. നടപ്പുകാലത്തെ രാഷ്ട്രീയ ദീനങ്ങള്‍ക്കുള്ള ഒറ്റമൂലി ചികില്‍സാശ്രമം എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയെ രാജേഷ് ഈ കുറിപ്പുകളിലൊരിടത്ത് ഇങ്ങനെ പരിചയപ്പെടുത്തുന്നു. ''മാധ്യമപ്രവര്‍ത്തകരെന്ന എന്തു കാര്യത്തിലും തലയിടുന്ന പ്രത്യേകയിനത്തെ സൃഷ്ടിക്കണോയെന്ന് കേരളത്തിലെ പരശãതം മാതാപിതാക്കള്‍ ആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത കാലഘട്ടത്തില്‍ മുദ്രാവാക്യം വിളിയുടെ പിള്ളകരച്ചിലോടെ പിറന്നുവീണ പ്രസ്ഥാനമാകുന്നു സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 'തട്ടകം തേടി', 'അരമന രഹസ്യം', 'അസാധു' എന്നീ പംക്തികള്‍ക്കുവേണ്ടി തയാറാക്കിയ കുറിപ്പുകളാണ് അവസാന ഭാഗത്ത്. വ്യക്തിചിത്രങ്ങളാണിവ. നിന്നനില്‍പില്‍ ഇല്ലാതാക്കുംവിധത്തില്‍ നടത്തിയ ഈ പൂഴിക്കടകന്‍ നിരവധി സ്ഥാനമോഹികളെ വെള്ളം കുടിപ്പിച്ചവയാണ്. ജനം തലയറഞ്ഞ് ചിരിച്ചപ്പോള്‍ പംക്തിയില്‍ ഇടംകിട്ടിയ പലരുടെയും തലകള്‍ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഊരിത്തെറിച്ചു. റിപ്പോര്‍ട്ടറേക്കാള്‍ രാജേഷിലെ കാര്‍ട്ടൂണിസ്റ്റിനെയാണ് അവ പ്രതിഫലിപ്പിച്ചത്. ചുരുക്കം വരകളില്‍ കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്ന പണി ലളിതവാചകങ്ങളാല്‍ രാജേഷ് സാര്‍ഥകമാക്കി. സംശയമുണ്ടെങ്കില്‍ ഈ മൂന്നു സാമ്പിളുകള്‍ കാണുക.എം.എ. ബേബി: പക്വതയാണ് സഖാവ് എം.എ. ബേബിയുടെ സ്ഥിരം വേഷം. ബേബിഭാഷയില്‍ 'വാര്‍ധക്യസഹജകമായ ഒരുതരം പക്വത'. കൊല്ലം എസ്.എന്‍ കോളജില്‍ എസ്.എഫ്.ഐ കളിക്കുന്ന കാലത്ത് എടുത്തണിഞ്ഞതാണ്. പിന്നെ ഊരിയിട്ടില്ല. രാമചന്ദ്രന്‍ കടന്നപ്പള്ളി: ഔദ്യോഗിക വാഹനം തീവണ്ടി. ഷര്‍ട്ടില്‍ തുടങ്ങി ജൂബയായി വളരുന്ന വേഷം. മുഖം ഭക്ഷിക്കുന്ന കൃതാവ്. കടുകട്ടി ആദര്‍ശം. പ്രായോഗിക രാഷ്ട്രീയം വട്ടപ്പൂജ്യം. ഇത്രയുമായാല്‍ കോണ്‍ഗ്രസ്^എസ് ആയി, ക്ഷമിക്കണം രാമചന്ദ്രന്‍ കടന്നപ്പള്ളിയായി.എം.ഐ. ഷാനവാസ്: തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ ജയിക്കണമെന്ന അതിമോഹമൊന്നും എം.ഐ. ഷാനവാസിനില്ല. ജയിക്കാത്തതിനാല്‍ ഇനി മല്‍സരിക്കില്ലെന്നോ മറ്റോ പ്രഖ്യാപിക്കാനുള്ള അഹങ്കാരവുമില്ല. തെരഞ്ഞെടുപ്പായാല്‍ ഷാനവാസ് മല്‍സരിക്കും; തോല്‍ക്കും.ഇല്ലാതായ ഒരാളെ പുനഃസൃഷ്ടിക്കുന്നതെങ്ങനെയാണ്? ജീവിതത്തിന്റെ പല നിലങ്ങളില്‍ ശേഷിപ്പിച്ച അടയാളങ്ങള്‍ തപ്പിയെടുത്ത് തേച്ചുമിനുക്കിയാല്‍ ഒരാളെ ഉണ്ടാക്കാം. പക്ഷേ, അത് പഴയ ആളെപ്പോലെ ആവണമെന്നില്ല. കൃത്യമായ അനുപാതങ്ങളില്ലാതെ തോന്നുംപടി ചരിക്കുന്ന ജീവിതത്തെ അടയാളങ്ങള്‍കൊണ്ടു മാത്രം മെനയാനാവില്ലെന്ന് ചുരുക്കം. എങ്കിലും ഓര്‍മകളുടെ അടയാളപ്പലകകള്‍, ഇല്ലാതായ ഒരാളെ പുനര്‍നിര്‍മിക്കാനുള്ള വഴികള്‍ തന്നെയാണ്.

ഈ പുസ്തകത്തിന്റെ അവസാന ഭാഗം ഓര്‍മകളുടേതാണ്. രാജേഷ് എന്ന മനുഷ്യന്‍ ചെന്നുതൊട്ട അനേകം ജീവിതങ്ങളുടെ സാക്ഷ്യപത്രം. അഭാവം എന്ന അവസ്ഥ സൃഷ്ടിക്കുന്ന വൈയക്തിക വിഷാദത്തിന്റെ പെരുമഴക്കുള്ളില്‍ തന്നെയാണ് ഇതിലെ ഓര്‍മകളും രാജേഷിനെ പ്രതിഷ്ഠിക്കുന്നത്. പലതരം മനുഷ്യരുടെ കുറിപ്പുകളാണിതില്‍. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പ്രൊഫഷനലുകളും സാധാരണ മനുഷ്യരും രാഷ്ട്രീയക്കാരും എഴുത്തുകാരുമടങ്ങുന്ന സൌഹൃദവലയം ഓര്‍മകളാല്‍ പുനര്‍നിര്‍മിച്ച ഒരു രാജേഷിനെ ഏറ്റവുമവസാനം കണ്ടെത്താതെ പറ്റില്ല. അതൊരുപക്ഷേ, യഥാര്‍ഥ രാജേഷിന്റെ പകര്‍പ്പാവണമെന്നില്ല. മറ്റൊരാള്‍. പക്ഷേ, അടിമുടി ആ ജീവിതത്തിന്റെ സാധ്യതകള്‍ കോരിയൊഴിച്ച ഒരാള്‍ തന്നെയാവും ആ പുതുനിര്‍മിതി. അങ്ങനെയൊരു സാധ്യതയുടെ പലതലങ്ങള്‍ തന്നെയാവണം ഒരുപക്ഷേ, ഈ പുസ്തകമിറക്കിയ രാജേഷിന്റെ പ്രിയസുഹൃത്തുക്കളുടെയും ലക്ഷ്യം. അത് നിറവേറ്റുന്നുണ്ട്. അന്തരിച്ച കെ. ജയചന്ദ്രനെക്കുറിച്ചുള്ള പുസ്തകത്തിനു ശേഷം സുഹൃത്തുക്കളാല്‍ പ്രസിദ്ധീകൃതമാവുന്ന ഈ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം.

സത്യത്തില്‍, ഇത് രാജേഷിന്റെ പുസ്തകം തന്നെയാണോ? അവനിതിനാളല്ല. ഈ പുസ്തകം അവന്‍ കണ്ടിട്ടില്ല. ഇതിറക്കിയിട്ടില്ല. എങ്കിലും അടിമുടി രാജേഷ് നിറഞ്ഞുനില്‍ക്കുന്ന ഈ പുസ്തകം അവന്റേതു തന്നെയാണ്. സമഗ്രത സ്പര്‍ശിക്കുന്ന അപൂര്‍വമായ ഒരോര്‍മപ്പുസ്തകം. വരികള്‍ തീരുന്നിടത്ത് അവനുണ്ട് നില്‍ക്കുന്നു, ഡാ... എന്ന ഒറ്റവിളിയുടെ അനന്തസൌഹൃദ സാധ്യതകളോടെ.

Saturday, June 13, 2009

സുബര്‍ണ രേഖ

സുബര്‍ണ രേഖയായിരുന്നു സ്ക്രീനില്‍.
മഹാനായ ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ വിഖ്യാത ചിത്രം.
ഹാളിന്റെ ഒത്തനടുക്ക് സ്ഥാപിച്ച 60 എം.എം പ്രൊജക്ടറിന്റെ ഇടുങ്ങിയ വെളിച്ചപ്പാതയിലൂടെ
പൊട്ടലും ചീറ്റലുമുള്ള അനേകം ബ്ലാക്ക് ആന്റ് വൈറ്റ് ഫ്രെയിമുകളായി ജീവിതം, സ്ക്രീനില്‍.
വിഭജന കാലമാണ്.
അതുവരെ ഒന്നിച്ചു ദുരിതങ്ങള്‍ പകുത്തെടുത്ത മനുഷ്യര്‍ ഒറ്റ രാത്രി കൊണ്ട് ഹിന്ദുവും മുസ്ലിമും സിഖുമായി പരസ്പരം കൊലവിളിയും നിലവിളിയുമായ നേരം.
കലാപത്തിന് എന്നും എവിടെയും ഒരേ സാധ്യതകളാണ്. വാള്‍മുനയുടെ ശൌര്യത്തില്‍ ഏതു വീടും കുത്തിത്തുറക്കാം. കണ്ണില്‍കണ്ടവരെ വെട്ടിനുറുക്കാം. മുന്നില്‍കാണുന്ന പെണ്‍കുട്ടിയെ പൊക്കിയെടുത്ത് ഉറ്റവരുടെ കണ്‍മുന്നില്‍ കടിച്ചുകുടയാം. അരുതെന്ന കൈകൂപ്പലുകളെ ഒറ്റച്ചവിട്ടിന് തീര്‍ക്കാം. എല്ലാം കഴിഞ്ഞ് മുറ്റത്ത് വീറോടെ നിന്ന് എണ്ണയും തീയും കൊണ്ട് വീടിന് നന്ദി പറയാം. അടുത്ത ഇരയുടെ മിടിക്കുന്ന നെഞ്ചിടിപ്പിലേക്ക് വാള്‍മുനകൊണ്ട് പാലം തീര്‍ക്കാം.
അങ്ങനെ, ചോരയും കണ്ണീരും മാത്രം കൊണ്ട് തിമിര്‍ത്താടാവുന്ന അനേക സാധ്യതകള്‍.

സ്ക്രീനിലിപ്പോള്‍ വിഭജനത്തിന്റെ എക്കാലത്തെയും ഉള്ളുകീറുന്ന ദൃശ്യങ്ങള്‍.
സര്‍വതും നശിച്ച ശേഷം കൈവന്ന ജീവനും കൊണ്ട് ഒച്ചവെക്കാതെയുള്ള നെട്ടോട്ടങ്ങള്‍.
കത്തുന്ന സൂര്യന്‍ ഒരു ചാണ്‍ മുകളില്‍. കാലടികള്‍ക്ക് താഴെ തിളക്കുന്ന മണ്ണ്. നെടുവീര്‍പ്പുകള്‍.
തളര്‍ന്നു വീഴുന്നവരെ തിരിഞ്ഞുനോക്കാന്‍ കരുണതോന്നാത്ത അനന്ത പലായനങ്ങള്‍.
ചെന്നെത്തേണ്ടിടത്ത് കാത്തുനില്‍ക്കുന്ന ഭാവിയെക്കുറിച്ച പകച്ചുനോട്ടങ്ങള്‍.
എല്ലാം മറന്ന് ജീവിതം വേരുറച്ചാലും ഒഴിയാതെ ഒപ്പം കൂടുന്ന വൈയക്തിക ദുരന്തങ്ങളുടെ തീക്കാറ്റ്. ആളിക്കത്തുന്ന ദിനങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ രക്തസ്നാനം.

എല്ലാ പച്ചപ്പും വറ്റി ഉണങ്ങിപ്പോയ മനുഷ്യ ജന്‍മങ്ങളാണ് സ്ക്രീനില്‍.
കണ്ണു നനയിക്കുന്ന ജീവിത സന്ധികളില്‍ അവരുടെ ഹതാശ മിഴികള്‍. സിനിമക്കകത്തുനിന്ന് ഭീതിയും നെഞ്ചിടിപ്പുകളും കാഴ്ചക്കാരനിലേക്ക് പകര്‍ച്ചവ്യാധിപോലെ പടരുന്ന അനുഭവം.
എല്ലാ നല്ല സിനിമകളെയും പോലെ സുബര്‍ണ രേഖയും കാണിയെ
സ്വന്തം ജീവിതത്തിന്റെ മുറ്റത്ത്തന്നെ കൊണ്ടിറക്കുന്നു.
സ്ക്രീനിലെ പോലെ തന്നെ നമ്മുടെ ജീവിതവും.
വീടുകളില്‍ പ്രിയപ്പെട്ടവര്‍. നാട്ടില്‍ ഉറ്റ ചങ്ങാതിമാര്‍. ആരുമറിയാതെ തെരുവില്‍ ഉരുണ്ടുകൂടാവുന്ന കലാപങ്ങളുടെ വിഷമേഘ സാധ്യതകള്‍. ആരുടെയൊക്കെയോ ചോരയിലേക്ക് പുളഞ്ഞുകയറാന്‍
നാവു നീട്ടുന്ന കഠാര മുനകള്‍.
സിനിമ സ്വന്തം ജീവിതത്തിന്റെ സാധ്യതകളിലേക്ക് പരകായ പ്രവേശം നടത്തുമ്പോള്‍ പിന്നെ ഓരോ മിടിപ്പും ഭയത്തിന്റേത് മാത്രമാണ്. ഉള്ളില്‍ സാധ്യതകള്‍, വിപല്‍ശങ്കകള്‍. മനസ്സിലാകെ ഇപ്പോള്‍ സ്വന്തം വീട്.
ഈ കലാപം എന്റെ നാട്ടിലെങ്കില്‍. ആക്രമിക്കപ്പെടുന്നത് എന്റെ വീടെങ്കില്‍...
എങ്കില്‍, ചവിട്ടിയരക്കപ്പെടുന്നത് എന്റെ പെങ്ങളാവും. അരിഞ്ഞുവീഴ്ത്തപ്പെടുന്നത് എന്റെ സഹോദരന്‍. അറ്റമില്ലാത്ത ജീവിത ദുരിതങ്ങളിലേക്കുള്ള പലായനം എന്റെ വിധി. ചിന്ത മുറുകവേ, കൊതി മൂത്തൊരു കഠാരത്തിളക്കം എന്റെ ചോരക്കായി ഏതോ തെരുവില്‍ അക്ഷമയോടെ കാത്തുനിന്ന് മടുക്കുന്നത്
ഉള്ളിലെ ഏതോ ഞരമ്പറിഞ്ഞു. പൊടുന്നനെ മനസ്സ് കെട്ടു.
അന്നേരം സ്ക്രീനിലെ വെളിച്ചവുമണഞ്ഞു. സിനിമ തീര്‍ന്നു.

വളരെ കുറച്ചുപേര്‍ മാത്രമുള്ള ഒരു സിനിമാ പ്രദര്‍ശനമായിരുന്നു അത്.
പഠിക്കുന്ന കോളജില്‍നിന്ന് ഒരു മണിക്കൂറിന്റെ യാത്രയുള്ള സ്ഥലത്തെ ഫിലിം സൊസൈറ്റി നടത്തുന്നത്.
എല്ലാ ശനിയാഴ്ചയും പതിവ് സ്ക്രീനിംഗ്. വൈകിട്ട് ആറരക്കാണ് സിനിമ തുടങ്ങിയത്. തീരുമ്പോള്‍
രാത്രി ഇരുണ്ടു. ബിരുദ പഠന കാലമാണ്. തലശേãരിയിലെ നൂറ്റാണ്ട് പഴക്കമുള്ള ബ്രെണ്ണന്‍ കോളജില്‍. കോളജിനടുത്ത് വാടക വീട്ടിലാണ് താമസം. ശനിയാഴ്ചത്തെ അവധി ദിവസം പാഴാക്കാന്‍
താല്‍പര്യമില്ലാതെ മുറിയിലെ ചങ്ങാതിമാര്‍ സ്വന്തം വീടണഞ്ഞിരുന്നു.
സിനിമ കണ്ടിറങ്ങിയവരൊക്കെ അടുത്തുള്ളവരാണ്.
എന്തൊക്കെയോ പറഞ്ഞ് അവര്‍ വീടുകളിലേക്ക് നടക്കുന്നു. സിനിമയുടെ ഭാരം കെട്ടിനിന്ന മനസ്സോടെ
ബസ് സ്റ്റോപ്പിലേക്ക് നടന്നു. സമയം അത്രയൊന്നുമായിട്ടില്ല. ഹൈവേയാണ്. എപ്പോഴും ബസ് കാണും.
എന്തോ ഒരസ്വാഭാവികത മണത്തു. കടകളെല്ലാം ഇത്ര വേഗം അടച്ചതെന്തേ. ആളുകളെയൊന്നും കാണുന്നില്ല. ബസ്സ്റ്റോപ്പിനടുത്ത് കടത്തിണ്ണകളില്‍ ഉറങ്ങുന്ന മനുഷ്യരെ പോലും കാണാനായില്ല.
ഓ, എന്തെങ്കിലും കാരണം കാണും. അനാവശ്യമായ ആലോചനകള്‍ വെറുതെ പേടിപ്പിക്കും. അതൊഴിവാക്കുന്നതാണ് നല്ലത്. മനസ്സ് സുവര്‍ണരേഖയില്‍ ചെന്നു നിന്നു. സിനിമയിലെ
പച്ച ജീവിതങ്ങളെക്കുറിച്ച പല മാതിരി വിചാരങ്ങള്‍. അതിനിടയില്‍പെട്ട് അങ്ങനെ നിന്നു.
കണ്ണില്‍ ചെറിയ ഉറക്ക ക്ഷീണം.
നില്‍പ്പ് തുടര്‍ന്നപ്പോള്‍ മനസ്സിലായി വാച്ചിലെ സമയക്കണക്കിന്റെ ഭാരം.
അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ബസ് വന്നില്ല. ഒരു വാഹനവും. ദൈവമേ, ഇനി...
ഒറ്റക്കായൊരു തെരുവില്‍ അകപ്പെടുന്നതിന്റെ കാല്‍പ്പനികതയെ മറി കടന്ന് പെട്ടെന്ന്
തീക്കട്ടപോലൊരു ഭയം അരിച്ചു കയറി വന്നു. പൊടുന്നനെ, ഒരു വാഹനം മുന്നില്‍ ബ്രേക്കരച്ചു നിന്നു.
പോലിസ് ജീപ്പ്.

' എന്താടാ ഇവിടെ'
കാര്യം പറഞ്ഞു തീര്‍ക്കാനൊന്നും അവര്‍ക്ക് നേരമില്ല. അകാരണമായ ധൃതി പോലെ.
പഠിക്കുന്ന കോളജിന്റെ പേരു പറഞ്ഞപ്പോള്‍ ജീപ്പിനുള്ളില്‍നിന്ന് ചെറുപ്പക്കാരനായ
ഒരു പോലിസുകാരന്‍ തലപുറത്തേക്കിട്ടു. 'വാ കയറിക്കോ. വണ്ടിയൊന്നുമില്ല. ഹര്‍ത്താലാ'^
അവരുടെ ധൃതി മനസ്സിലായി. ആശങ്കയോടെ, എന്നാല്‍, ഇത്തിരി സമാധാനത്തോടെ വണ്ടിയിലേക്ക് കയറി.
ഒന്നു ഞരങ്ങി വണ്ടി കുതിച്ചുപാഞ്ഞു.
'ഞാനും ബ്രണ്ണനില്‍ പഠിച്ചതാ'^പോലിസുകാരന്‍ സൌഹൃദത്തിന്റെ കാണാക്കൈ നീട്ടി.
ഭീതി നിറഞ്ഞ ആ അന്തരീക്ഷത്തില്‍ ആ ചങ്ങാത്തക്കൈ വല്ലാത്ത അശ്ളീലം പോലെ തോന്നി.
തലശേരിയില്‍ വീണ്ടും അക്രമം.
മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരു പാര്‍ട്ടികളിലുമുള്ള കുറേ പേര്‍ക്ക് വെട്ടേറ്റു. രാത്രിയാണ് സംഭവം.
പൊടുന്നനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വണ്ടിയുണ്ടാവില്ല. തലശേãരി വരെ ജീപ്പില്‍ പോവാം.
അവിടെനിന്ന് കോളജിലേക്ക് എങ്ങിനെയെങ്കിലുമെത്തണം. പോലിസുകാരന്‍ ചുരുക്കിപ്പറഞ്ഞ
കാര്യങ്ങള്‍ സംഗ്രഹിച്ചപ്പോള്‍ എത്തിപ്പെട്ട അവസ്ഥയുടെ ഭീകരത വെളിവായി.
ജീപ്പിലെ വയര്‍ലസ് സെറ്റില്‍ ആക്രമണ വിവരങ്ങള്‍ മുഴക്കത്തോടെ വന്നുനിന്നു. ഭയാശങ്കകളുടെ
ആ നിശബ്ദതയില്‍ വയര്‍ലസിലെ ചോരത്തണുപ്പുള്ള വിവരങ്ങള്‍ ഞരമ്പിലേക്ക് ഭീതിയുടെ സൂചിമുന കയറ്റി. പേടി, രോഗം പോലെ സര്‍വ അവയവങ്ങളെയും തളര്‍ത്തി. അറവുകത്തിക്കുമുന്നില്‍ കലപില കൂട്ടുന്ന ഇറച്ചിക്കോഴികളെ പോലെ പോലിസുകാര്‍ ഇടക്കിടെ തമാശ പറഞ്ഞു ചിരിച്ചു. വണ്ടി തലശേരിയിലെത്തി.
പഴയ ബസ്സ്റ്റാന്റിനരികെ പോലിസ് സ്റ്റേഷനു മുന്നില്‍ അവരെന്നെ ഇറക്കി. എന്തു ചെയ്യണമെന്ന് ആലോചിക്കുമ്പോഴേക്ക് വണ്ടി വിട്ടു.

തൊട്ടരികില്‍ സര്‍ക്കാര്‍ ആശുപത്രിയാണ്.
ഓട്ടോറിക്ഷയിലും ജീപ്പിലുമൊക്കെയായി വെട്ടേറ്റ് മുറിഞ്ഞും തറഞ്ഞും നിലവിളിച്ചും മനുഷ്യര്‍ വന്നുകൊണ്ടേയിരുന്നു. പോലിസ് ജീപ്പുകള്‍ ചുവന്ന ലൈറ്റിട്ട് പാഞ്ഞുനില്‍ക്കുന്നു.
എത്ര നേരം അവിടെ നിന്നെന്നറിയില്ല. പൊടുന്നനെ ഭീതി ഉള്ളിലെ നിസ്സംഗതയെ കുടഞ്ഞെറിഞ്ഞു.
ഇനിയിവിടെ നില്‍ക്കുന്നത് അപകടമാണ്. എത്രയും വേഗം കോളജിലെത്തണം. അധികമാലോചിച്ചില്ല.
ഒറ്റ നടത്തം.

വഴിയിലാകെ ഇരുള്‍.
കോടതിക്കു സമീപം പതിവായി ചെന്നിരിക്കാറുള്ള കടല്‍ക്കര. അത്ര നാളും കേള്‍ക്കാത്ത ക്രൌര്യം കടലിരമ്പത്തിന്. അത് ശേഷിക്കുന്ന ധൈര്യവും കെടുത്തി. നേരെ നടന്നു. മുന്നിലാരുമില്ല. നടത്തത്തിന്
വേഗം കൂടി. പൊടുന്നനെ മറ്റൊരു വണ്ടി പിറകില്‍. തിരിഞ്ഞുനോക്കി. പോലിസ്.
കഠോരമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഇത്തിരി മയമുള്ള ശബ്ദത്തില്‍ പോലിസുകാരന്‍ പറഞ്ഞു.
'വേഗം വിട്ടോ. ഇറച്ചിയില്‍ മണ്ണ് പറ്റും'
കാലുകള്‍ നീങ്ങാത്ത പോലെ തോന്നി.
ഉടലിന് ഭാരം പെട്ടെന്ന് കൂടി. കാലുകള്‍ വലിച്ചു നടന്നു. ആളൊഴിഞ്ഞ പാതയില്‍ മഞ്ഞ വെളിച്ചം.
കിതപ്പ് മാറ്റാന്‍ പോലും നില്‍ക്കാതെ നാലുചുറ്റും കണ്ണയച്ച് നടത്തം. ഏത് നിമിഷവും വരാം, ഇരുട്ടില്‍നിന്നാരു കത്തിമുന. ദയാരഹിതമായി അതെന്റെ മാംസത്തിലേക്ക് പാഞ്ഞുകയറുന്നത് ഓര്‍ത്തപ്പോള്‍ പല്ല് പുളിച്ചു.
ഹൈവേ കഴിയാറായി.
ഇനി ചെറിയ റോഡ്. കോളജിലേക്ക് പത്ത് മിനിറ്റ് കൂടി. എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ രക്ഷപ്പെട്ടു. വളവു തിരിഞ്ഞതും ദൂരെ അടുത്ത വളവില്‍ ഒരു വാഹനം പാഞ്ഞുവന്നു നിന്നത് കണ്ടു.
അതില്‍നിന്നിറങ്ങി ആരൊക്കെയോ അടുത്ത വീട്ടിലേക്ക് പായുന്നു. കൈയില്‍ ആയുധങ്ങള്‍ കാണാം.
ശ്വാസം നിലച്ചു. ഇത് തന്നെ ആ സമയം. എല്ലാം തീരാന്‍ പോവുന്നു. ജൈവികമായ എന്തോ
കരുതല്‍ ഉണ്ടായി. അടുത്തുള്ള ഹോട്ടല്‍ കെട്ടിടത്തിന്റെ പുറകിലേക്ക് പാഞ്ഞു.
പാത്രങ്ങള്‍ കഴുകിയ വെള്ളമാണ് കെട്ടിനില്‍ക്കുന്നത്. അങ്ങോട്ടിറങ്ങിനിന്നു. നെഞ്ചിടിപ്പ് കൂടി.
പൊടുന്നനെ കനത്ത ശബ്ദത്തില്‍ ഒരു ബോംബ് പൊട്ടി. തളര്‍ന്നു വീഴുമെന്ന് തോന്നി.
കണ്ണുകള്‍ ഇറുകിയടച്ചു. ബഹളം.
കണ്ണടച്ചുള്ള ആ നില്‍പ്പിന്റെ സൂക്ഷ്മതയിലേക്ക് പൊടുന്നനെ ഒരു വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം വന്നലച്ചു.
നോക്കിയപ്പോള്‍ ആ ജീപ്പാണ്. വന്ന വഴിയെ വളച്ചെടുത്ത് അത് തിരിച്ചുപായുന്നു.
ശ്വാസം വീണതപ്പോഴാണ്. ഏറെ നേരം അങ്ങനെ നില്‍ക്കാനായില്ല. എങ്ങനെയെങ്കിലും കോളജില്‍ എത്തണം.
ഒറ്റ നടത്തം. അല്ല പാച്ചില്‍. വഴിയില്‍ പഴയ ജീപ്പുകാരെ കണ്ടാലോ എന്ന പേടി അതോടെ വേഗം ഇത്തിരി കുറഞ്ഞു. അക്രമികള്‍ കയറിയിറങ്ങിയ വീട്ടിലേക്ക് അയല്‍ വീടുകളില്‍നിന്ന് ആരൊക്കെയോ ഓടി വരുന്നത് കണ്ടു. നോക്കിനില്‍ക്കാന്‍ പോയില്ല. ഓടി. കാല്‍ കുഴയുമെന്ന് തോന്നി. എന്നും പോവുന്ന വഴിയായിട്ടും അതേതോ അപരിചിത ദേശമെന്ന് തോന്നി. നിലത്ത് കാല്‍കുത്താനാവാത്ത പോലെ.
ഏന്തിവലിഞ്ഞ് നടക്കുമ്പോള്‍ ഉടുപ്പുരയുന്ന ശബ്ദം പോലും ഭയപ്പെടുത്തി.
മുന്നില്‍ കോളജിന്റെ ഗേറ്റ് കണ്ടു.
അതിനപ്പുറം, ഞാന്‍ താമസിക്കുന്ന വാടക വീട്ടിലേക്കുള്ള വഴി. ഇതു വരെ വെളിച്ചത്തിലായിരുന്നു നടത്തം.
ഇനി ഇരുട്ടാണ്. നേരെ നടന്നു. വേദനയാല്‍ കാല്‍ പുളഞ്ഞു. യാന്ത്രികമായി ചലിച്ചു ശരീരം.
താഴേക്കുള്ള വഴിയിലെത്തി. ഇനി വീട്. സന്തോഷം തോന്നി.
പെട്ടെന്ന് ഉഗ്രശബ്ദത്തില്‍ ബോംബ് പൊട്ടി.
ദൈവമേ, അവരിവിടെ എവിടെയോ ഉണ്ട്. നെഞ്ചില്‍ ആരോ കല്ല് കൊണ്ടിട്ടപോലെ. നടത്തം
പതുക്കെയായി. അനക്കം പുറത്തുകേള്‍പ്പിക്കാതെ. ഇഴഞ്ഞിഴഞ്ഞ് വീട്ടിലേക്കുള്ള പടവ് കയറി.
ലൈറ്റിടാന്‍ ഭയം തോന്നി. ഇരുട്ടില്‍ എത്ര തപ്പിയിട്ടും താക്കോല്‍ കാണുന്നില്ല. വീട്ടിലാരുമില്ല.
സഹമുറിയന്‍മാര്‍ വീടുകളില്‍ സുഖസുഷുപ്തിയിലാവും. ഒറ്റക്ക് എങ്ങനെ കഴിച്ചുകൂട്ടും എന്നോര്‍ത്തു.
പെട്ടെന്ന് താക്കോല്‍ കണ്ടു. വാതില്‍ എങ്ങനെയോ തുറന്നു. അകത്ത് കയറിയതും വാതിലിന്റെ തഴുതിട്ടു.
ലൈറ്റിട്ടില്ല. ഇരുട്ടില്‍ നേരെ ചെന്നു കിടന്നു. രാവിലെ കുടിച്ചു ബാക്കിയായ വെള്ളം കട്ടിലിനുമേല്‍ കണ്ടു.
അത് ഒറ്റ വീര്‍പ്പിന് തൊണ്ടയിലേക്ക് ഒഴിച്ചു.
മുറിയിലിപ്പോള്‍ ഇരുട്ട് മാത്രം.
അകലെ ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. കടലിനു നടുവിലെ ഒറ്റപ്പെട്ട ദ്വീപിലാണെന്ന് തോന്നി.
കണ്ണടച്ച് കിടന്നു. ഇരുട്ടിലാണ് സര്‍വതും. പൊടുന്നനെ ആ ഇരുളില്‍ ഒരു സ്ക്രീന്‍ തെളിഞ്ഞു.
അതില്‍ സുവര്‍ണ രേഖ എന്ന വാക്ക് തെളിഞ്ഞ നിമിഷം ഓര്‍മ വന്നു.
ഭയം കുടഞ്ഞെറിഞ്ഞ് , പൊടുന്നനെ നെഞ്ചകത്തുനിന്ന് പതഞ്ഞുയര്‍ന്നു, ഒരു കരച്ചില്‍...

Thursday, June 11, 2009

അവനെപ്പോലെ അവളും

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്
എവിടെയായിരിക്കും അവനെന്ന ആലോചനയുടെ ബാക്കി.
പറഞ്ഞത് അവന്റെ കഥയായിരുന്നു. അതില്‍ അവളുമുണ്ടായിരുന്നു.എഴുതിക്കഴിഞ്ഞ പോസ്റ്റ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വായിച്ചപ്പോള്‍ അവള്‍ക്കതില്‍ഒരു പ്രതിനായികയുടെ നിറമാണല്ലോ എന്നോര്‍ത്തു.
സത്യത്തില്‍, അവള്‍ അങ്ങിനെ ആയിരുന്നോയെന്നും.ആയിരുന്നില്ല. പ്രതിനായികയേ ആയിരുന്നില്ല അവള്‍. ഒരര്‍ഥത്തില്‍ അവനെപ്പോലെ അവളും ഒരിര.അറിയാത്ത ഒന്നിലേക്ക് അപ്രതീക്ഷിതമായി വലിച്ചിഴക്കപ്പെട്ടു. ഉള്ളില്‍ ഒരാളുള്ളപ്പോള്‍, ഒരിക്കലും പ്രണയം തോന്നാത്ത സഹപാഠിയോട് അതില്ലെന്ന് തുറന്നു പറയേണ്ടി വന്നു.അതിന്റെ പേരില്‍ അവന്റെ തിരോധാനം. കുത്തുവാക്കുകള്‍. ക്ലാസ് മുഴുവന്‍ ഒറ്റ ദിവസം
കൊണ്ട്അവളെ ശത്രുവായി കണ്ടു. പിന്നെ, പഠിച്ച ക്ലാസും പ്രിയപ്പെട്ട കോളജും ഉപേക്ഷിച്ച്
ഏതോപാരലല്‍ കോളജില്‍. പൊടുന്നനെ വിവാഹം. തീര്‍ത്തിട്ടും തീരാതെ, കടലിളക്കങ്ങള്‍.
പോസ്റ്റ് വീണ്ടും വായിച്ചപ്പോള്‍ അവള്‍ക്ക് ഇതിലെന്ത് പറയാനുണ്ടാവും എന്നോര്‍ത്തു.

പഴയ ചങ്ങാതിമാരുടെ നമ്പറുകള്‍ തപ്പിയെടുത്ത് വെറുതെ അവളുടെ പില്‍ക്കാലം ആരാഞ്ഞു.
അവളുടെ വീടിനടുത്തുണ്ടായിരുന്ന സഹപാഠിയില്‍നിന്നും അറിഞ്ഞു, അവളുടെ കഥ.
ദുരന്തങ്ങള്‍ തന്നെയായിരുന്നു അവള്‍ക്കും കാത്തു വെച്ചത്. അവളെക്കുറിച്ച് ഒരാളുംഅന്വേഷിച്ചില്ലെന്നും അവനോട് കാണിച്ച സഹതാപം അവള്‍ക്ക് മേല്‍ പെയ്തില്ലെന്നുംചങ്ങാതി ഓര്‍മ്മിപ്പിച്ചു.
അവളെ വിളിക്കാന്‍ നമ്പറുണ്ടോയെന്ന് വെറുതെ ചോദിച്ചു.അതിന്റെ ആവശ്യമില്ലെന്ന് ചങ്ങാതിയുടെ മറുപടി. കണ്ടിട്ടും മിണ്ടിയിട്ടും കാര്യമില്ലാത്തഒരിടത്ത് തന്നെ അവനെപ്പോലെ അവളുമെന്ന് ചങ്ങാതി പറഞ്ഞു.നഗരത്തില്‍നിന്ന് മണിക്കൂറുകള്‍ യാത്ര ചെയ്താലെത്തുന്ന ഗ്രാമത്തിലായിരുന്നു അവളുടെ വീട്
.നാട്ടിലെ മുന്തിയ തറവാട്. സമ്പത്തും പ്രമാണിത്തവും. അച്ഛന്‍ തഹസില്‍ദാറായിരുന്നു.
അമ്മ അധ്യാപിക. അവളെ കൂടാതെ ഒരു സഹോദരന്‍. അമ്മയുടെ സ്കൂളിലായിരുന്നു പഠനം.
മിടുക്കിയായിരുന്നു. പഠനത്തിലും മറ്റ് കാര്യങ്ങളിലും മുമ്പില്‍.
ചെറുപ്പത്തിലേ നന്നായിവായിക്കുമായിരുന്നു. അതിനാല്‍, ഞങ്ങളുടെ ലിറ്ററേച്ചര്‍ ക്ലാസില്‍ അവള്‍ക്കെന്നും മേല്‍ക്കൈ.അധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു അവളെ. ഹോസ്റ്റല്‍ വാര്‍ഡന്‍ ഞങ്ങളുടെ ടീച്ചറായിരുന്നു.അവരവളെ മകളെ പോലെ നോക്കി.

നല്ല ഭാഷയുണ്ടായിരുന്നു അവള്‍ക്കും. കോളജ് മാഗസിനില്‍അവനെഴുതിയ പേജിനടുത്ത് അവളുടെ ചെറു കഥയുണ്ടായിരുന്നു.അങ്ങനെ അവള്‍. ഞങ്ങളുടെ ക്ലാസ്. അവന്‍. പ്രണയം.എല്ലാത്തിനൊടുവില്‍ ചരടറ്റ പട്ടം പോലെജീവിതത്തില്‍നിന്ന് അവന്റെ പറക്കല്‍. അതിന്റെ ഞെട്ടലില്‍ എന്തുകൊണ്ടോ എല്ലാവരും അവളെപ്രതിയോഗിയാക്കി. ഞാന്‍ പോലും. അവന്‍ പോയതിന് പിറ്റേന്ന് അവളും ക്ലാസ് വിട്ടിരുന്നു.അനേക ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി കുലുക്കിയതിനാല്‍, അന്ന് അവളുടെ കാര്യം ആരുംഅത്രക്ക് ആലോചിച്ചിരുന്നുമില്ല. അവള്‍ ജീവിതം കൊണ്ട് സുരക്ഷിതയാണെന്നായിരുന്നു ഞങ്ങളുടെ വെയ്പ്.അതിനാല്‍, അവന്റെ അരക്ഷിത ജീവിതം മാത്രം എല്ലാവര്‍ക്കും ചോദ്യ ചിഹ്നമായി.ഇടക്കെപ്പോഴോ അവളുടെ കാര്യം ക്ലാസില്‍ ചര്‍ച്ചയായി. അവള്‍ പാരലല്‍ കോളജില്‍പഠനം തുടരുന്നുവെന്ന് അവളുടെ ചങ്ങാതി പറഞ്ഞപ്പോള്‍.ആ ചിന്തകള്‍ പിന്നെ പരീക്ഷത്തിരകള്‍ വന്ന് മൂടി.

ഡിഗ്രി പൂര്‍ത്തിയാക്കിയ വര്‍ഷമായിരുന്നു അവളുടെ വിവാഹം. അവള്‍ പറഞ്ഞ അതേ മുറച്ചെറുക്കന്‍. മുട്ട പോലെ കവിളുള്ള മീശക്കാരന്‍. അയാള്‍ വിദേശത്തായിരുന്നു. വിവാഹം കഴിഞ്ഞ് ഇത്തിരി കാലംഅവള്‍ നാട്ടില്‍നിന്നു. പിന്നെ, അയാള്‍ക്കടുത്തേക്ക് പോയി. ആറു മാസത്തിനുള്ളില്‍ തിരിച്ചെത്തി.അവളാകെ മാറിയിരുന്നു. അവള്‍ വന്നതറിഞ്ഞ് ചെന്നതായിരുന്നു പണ്ട് മുതലേ ഒന്നിച്ചു പഠിച്ച ചങ്ങാതി.വിഷാദ രോഗത്തിന്റെ വിത്തുകള്‍ അവളില്‍ മുളച്ചു വരുന്നത് പേടിയോടെയാണ് അന്ന് കണ്ടതെന്ന്ചങ്ങാതി പറഞ്ഞു.അവളാകെ മുറിഞ്ഞിരുന്നു, സങ്കടവും ദേഷ്യവും പകയുമെല്ലാം ചേര്‍ന്ന്. അവള്‍ക്കറിയാവുന്ന അയാളേ ആയിരുന്നില്ല അവിടെ. അനേകം ചങ്ങാതിമാര്‍ക്കിടയില്‍ അഴകൊഴമ്പന്‍ ജീവിതം നയിക്കുന്ന ഒരാള്‍.
നിരന്തര മദ്യപാനവുംവഴി വിട്ട ജീവിതവുമായിരുന്നു അയാള്‍ക്കൊപ്പം അതുവരെ ഉണ്ടായിരുന്നത്. അയാളുടെ ചങ്ങാതിമാരും പെണ്‍വേട്ടയില്‍ മിടുക്കരായിരുന്നു. അതിന്റെ സര്‍വ ദുരിതവും അവള്‍ക്ക് സഹിക്കേണ്ടി വന്നു.പണ്ടുമുതലേ അറിയാവുന്ന മുറച്ചെറുക്കന്‍ അപരിചിതരേക്കാള്‍ ഭയക്കേണ്ട ഒരാള്‍ മാത്രമാണെന്ന് ആ നാളുകള്‍അവ പഠിപ്പിച്ചു.

ഒരാത്മഹത്യാ ശ്രമത്തിന്റെ ബാക്കിയായിരുന്നു അവളുടെ തിരിച്ചു വരവ്.
ചങ്ങാതി കാണാനെത്തിയപ്പോള്‍, അവള്‍ നീണ്ട നാളായി സംസാരം മറന്ന ഒരാളെപ്പോലെയായിരുന്നു.
ഒന്നും ഉരിയാടാതെ, വറ്റിയ കണ്ണില്‍ വിളറിയ ചിരി വരുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട്. അവളുടെ ദുരന്തങ്ങളൊന്നുംപുറത്തറിഞ്ഞിരുന്നില്ല. പിന്നീട്, അയാള്‍ നാട്ടില്‍വന്ന് അവളെ കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോളാണ്കഥകള്‍ പുറത്തു വന്നത്. അയാളുടെ വീട്ടുകാരും അവളുടെ വീട്ടുകാരും തമ്മിലുള്ള വഴക്ക് പോലിസ് സ്റ്റേഷന്‍വരെ നീണ്ടു. വിവാഹ മോചനത്തിന് അയാള്‍ സമ്മതിച്ചില്ല. വീട്ടുകാരുടെ സ്വാധീനം കൊണ്ട് മാത്രം അവള്‍ക്കവിടെ നില്‍ക്കാനായി. നിരന്തര ചികില്‍സ അവളെ സദാ ഉറങ്ങുന്ന ഒരാളാക്കി മാറ്റി. ചെല്ലുമ്പോഴെല്ലാം അവള്‍ ഉറക്കത്തില്‍നിന്നുണര്‍ന്ന് വന്നെന്ന് ചങ്ങാതി.എങ്ങുമല്ലാത്ത ദിവസങ്ങള്‍ക്കൊടുവില്‍ അവളെ ദൂരെ ഏതോ ബന്ധു വീട്ടിലേക്ക് മാറ്റി.

ഇടക്ക് കുറച്ച് കാലം അവള്‍ പഠിക്കാന്‍ പോയിരുന്നു. പി.ജി പൂര്‍ത്തിയാക്കാന്‍ പക്ഷേ അവള്‍ നിന്നില്ല.
വിഷാദ രോഗം ചാലുമാറിഉന്‍മാദത്തിന്റെ നദികളിലേക്ക് ഒഴുക്കി. അതിനിടെ, അയാള്‍ വിവാഹമോചനത്തിന് തയ്യാറായി.അപ്പോഴേക്കും ഞങ്ങളെല്ലാം പഠനം കഴിഞ്ഞ് ജോലിയിലേക്കും ഗവേഷണത്തിലേക്കും വിവാഹത്തിലേക്കുമൊക്കെചേക്കേറിക്കഴിഞ്ഞിരുന്നു. പല വഴികളില്‍. പല തലങ്ങളില്‍. അവളുടെ കഥ പറഞ്ഞു തന്ന ചങ്ങാതി ദൂരെ നഗരത്തില്‍ ഗവേഷണത്തിന് ചേര്‍ന്നിരുന്നു. മാസങ്ങളുടെ ഇടവേളയില്‍ നാട്ടില്‍ വരുമ്പോള്‍ അവളുടെ വിവരംഅന്വേഷിച്ചെങ്കിലും കാര്യമായെന്നും അറിഞ്ഞില്ല.'ഈയിടെ കേട്ടിരുന്നു, അവളുടെ അസുഖം ഭേദമായെന്ന്. ഏതോ ബന്ധു അവളെ കല്യാണം കഴിച്ചുവെന്നും'^ ചങ്ങാതി പറഞ്ഞു.അവളിപ്പോള്‍ നാട്ടിലില്ല. ഭര്‍ത്താവിനൊപ്പം ഏതോ നഗരത്തില്‍.അതിനപ്പുറം എന്റെ ചങ്ങാതിക്കും അറിയില്ല അവളുടെ കാര്യം.

ചങ്ങാതി ഇപ്പോള്‍ കോളജ് അധ്യാപികയാണ്. കൂട്ടത്തിലെ മറ്റുള്ളവരും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍. കൂട്ടത്തില്‍ ഏറ്റവും സാധ്യതകളുണ്ടായിരുന്ന കുട്ടിയായിരുന്നു അവള്‍.പഠന മികവും കുടുംബ സാഹചര്യങ്ങളുമെല്ലാം അവളുടെ വഴികള്‍ ഭദ്രമാക്കിയേനെ.എന്നാല്‍ കാര്യങ്ങള്‍ മറ്റ് വഴികളിലേക്കാണ് എത്തിച്ചത്.നൊടിയിട കൊണ്ടുള്ള രൂപപരിണാമങ്ങള്‍.ആരോ എഴുതിവെച്ച തിരക്കഥയില്‍ അവനും അവള്‍ക്കും സമാന വേഷങ്ങളായിരുന്നു.
ദുരിതങ്ങളുടെ സമാനതയിലെങ്കിലും അവര്‍ ഒരുമിച്ചെന്ന് ഇപ്പോള്‍ ഒരാശ്വാസം

.ജീവിതത്തിന്റെ കൈരേഖയില്‍ ഇനി എന്തൊക്കെയാവും വരച്ചിട്ടിരിക്കുക?

പിന്നെ അവനെയാരും കണ്ടിട്ടില്ല

തോന്നുന്നില്ല, അവനെ ആരെങ്കിലും ഓര്‍ക്കുന്നുവെന്ന്.
ക്ലാസുകള്‍ കഴിഞ്ഞു. കാമ്പസ് വിട്ടിട്ട് നാളുകളേറെ. ജോലിയും ശമ്പളവും വിവാഹവും മക്കളും അങ്ങനെയങ്ങിനെ അനേകം കാര്യങ്ങള്‍. അന്നേരം അവനെ ആര് ഓര്‍ക്കാന്‍.
ഞാനും ഓര്‍ത്തിരുന്നില്ല അവനെ. ഈ നാളുകളിലൊന്നും .

നേരത്തെ പറഞ്ഞ അനേകം തത്രപ്പാടുകള്‍. പരക്കം പായലുകള്‍. കാമ്പസ്. അന്നത്തെ സൌഹൃദം. കാലാവസ്ഥ. ഒക്കെ എന്നേ മറന്നു. പിന്നെ എന്തു കൊണ്ട് ഇന്ന്. ഈ പാതിര. അവനെ എങ്ങനെ ഓര്‍മ്മ വന്നു. അറിയില്ല. എന്നിട്ടും മനസ്സിലിപ്പോള്‍ അവന്‍. അവന്റെ മുറി.അവന്റെ കവിതകള്‍. അവന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഓര്‍മ്മ.

തെളിച്ചു പറയാം. അവന്‍ എന്റെ ചങ്ങാതി. സഹപാഠി.ദൂരെ ഏതോ മലയോരത്തായിരുന്നു അവന്റെ വീട്. വെളുത്ത് പൊക്കം കൂടി സദാ ഉറക്കം തൂങ്ങുന്ന കണ്ണുകളുള്ള അവന്‍ ആര്‍ക്കുംഒരാകര്‍ഷണവും തോന്നിച്ചില്ല. ഒന്നും പറഞ്ഞാല്‍ മനസ്സിലാവാത്തപോലെ ഒരുവന്‍. ഏതോ നൂറ്റാണ്ടില്‍നിന്ന് നേരെ എണീറ്റുവന്നത് പോലെ.അവനെ ആരും മൈന്‍ഡ് ചെയ്തില്ല. ക്ലാസിലെ പിറക് ബെഞ്ചില്‍ അവനുണ്ടാവും.കൃത്യമായ ഹാജര്‍. കടുപ്പമുള്ള കാര്യങ്ങള്‍ ക്ലാസില്‍ മുഴങ്ങുമ്പോള്‍ അവന്‍ ഏതോ അജ്ഞാത ഭാഷക്കാരനായിമാറും. ക്ലാസ് മുറിയുടെ ഭാഷ അവന് മനസ്സിലാവില്ലെന്ന മട്ടില്‍ ഒറ്റ നില്‍പ്പ്.ക്ലാസ് കഴിഞ്ഞാല്‍ നേരെ വാടക മുറിയിലേക്ക്. അതിനിടെ ആരും അവനെ പരിഗണിച്ചില്ല. പുതിയ സിനിമകളെയും പാട്ടുകളെയുംപെണ്‍കുട്ടികളെയും കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും അവന് ഇടം കിട്ടിയില്ല.അവനത് പ്രതീക്ഷിച്ചില്ലെന്ന് പറയുന്നതാവും ശരി.എല്ലാവരെയും അല്‍ഭുതം കലര്‍ന്ന കണ്ണുകളോടെ പകച്ചുനോക്കുന്നഅവനെ പെണ്‍കുട്ടികളും പരിഗണിച്ചേയില്ല.അങ്ങനെ അവന്റെ പതിവു ദിനങ്ങള്‍. അതിനിടെ കാമ്പസില്‍ അനേക കാര്യങ്ങള്‍.തെരഞ്ഞെടുപ്പ്. അടിപിടി.
കലോല്‍സവം. ചലച്ചിത്രമേള. എന്‍.എസ്.എസ് ക്യാമ്പ്. എല്ലായിടത്തും അവനുണ്ടാവും. കാഴ്ചക്കാരുടെ ഇടയിലെവിടെയെങ്കിലും.

രണ്ടാമത്തെ വര്‍ഷമാണ്. അവനുമായി അടുപ്പമുണ്ടാവുന്നത്. എങ്ങനെയോ അത് സംഭവിച്ചുവെന്ന് മാത്രം. ക്ലാസ് കഴിഞ്ഞു പോവുമ്പോ വെറുതെ അവനോട് സംസാരിച്ചു. വീടിനെക്കുറിച്ചും അമ്മയെ കുറിച്ചും ദാരിദ്യ്രത്തെ കുറിച്ചും ജോലി കിട്ടിയാല്‍കിട്ടാവുന്ന മെച്ചത്തെ കുറിച്ചുമെല്ലാം അവന്‍ പല ദിവസങ്ങളിലായി സംസാരിച്ചു.വല്ലാത്ത അപകര്‍ഷതാ ബോധമായിരുന്നു അവന്. എല്ലാവരെയുംഅവന്‍ അന്യ രാജ്യങ്ങളായി കണ്ടു. പതിയെ പതിയെ അവന്‍ ഞങ്ങളുടെ കൂട്ടത്തില്‍ഒരാളായി. പരീക്ഷാ പഠനങ്ങളില്‍ അവനും കൂട്ടിരുന്നു.അന്നേരമാണ് അവന്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. രസകരമായിരുന്നു അത്.എല്ലാത്തിനെ കുറിച്ചും കൃത്യമായ നിരീക്ഷണങ്ങള്‍. തമാശ കലര്‍ത്തിയ മറുപടികള്‍. അവനെഴുതിയ കവിത ഞാന്‍ കണ്ടു പിടിച്ചപ്പോള്‍ മോഷണത്തിനിടെ പിടിക്കപ്പെട്ട കള്ളനെപോലെ അവന്‍ പരുങ്ങി. നല്ല വരികളായിരുന്നു അതില്‍. വല്ലാതെ നിഷ്കളങ്കമായ ഭാഷ.കുടകില്‍ ഏതോ കുളത്തില്‍ അനേകം കല്ലുകളെറിഞ്ഞാല്‍ അഭീഷ്ട കാര്യംസാധിച്ചു കിട്ടുമെന്ന വിശ്വാസത്തക്കറിച്ചായിരുന്നു ആ കവിത. പിന്നെ അവന്റെ മറ്റനേകം കവിതകള്‍ കണ്ടുെത്തു. തുറന്നെഴുത്തായിരുന്നുഅവയിലേറെയും. മനുഷ്യരുമായി നേരെ നിന്നു മിണ്ടുന്ന വരികള്‍. അവയിലൊന്നെടുത്ത് മാഗസിനില്‍ കൊടുത്തു. അവന്റെ പടം വച്ച്കവിത അടിച്ചു വന്നപ്പോള്‍ ക്ലാസിലെ അവന്റെ ഇടം അതിവേഗം മാറി.അധ്യാപകരുടെ പരിഗണനയും. അവന്‍ പതിയെ ക്ലാസിലെ മിടുക്കരായകുട്ടികളിലൊരാളായി.

അവളെ അവനിഷ്ടമാണെന്ന് കണ്ടെത്തിയത് കൂട്ടത്തിലെ ഒരു കുറുക്കനാണ്.അവന്‍ അവളുടെ പേര്‍ക്കെഴുതിയ കവിത അവന്‍ കണ്ടെത്തി.അവള്‍ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. മിടുക്കി.
എന്നാല്‍ ഒരിക്കല്‍ പോലും അവളോട് അവന്‍ മിണ്ടിയില്ല.അവളെ കുറിച്ച് പറയുമ്പോള്‍ അവന്‍ പതിയെ ചുവന്നു തുടുത്തു.ആരൊക്കെയോ അവന്റെ ഉള്ളില്‍പ്രണയത്തിന്റെ വിത്തിട്ടു കൊടുത്തു. അവളോട് എന്നിട്ടും അവന്‍ ഉരിയാടിയില്ല.എന്നെങ്കിലും ഒരിക്കല്‍ അവള്‍ വായിക്കുമെന്ന പ്രതീക്ഷയിലാവാം അവന്‍കവിതകള്‍ എഴുതിക്കൂട്ടി. എല്ലാവരും അവന്റെ പ്രണയത്തെ കണക്കറ്റ് പ്രോല്‍സാഹിപ്പിച്ചു. അവനില്ലാത്തപ്പോള്‍ പറഞ്ഞു ചിരിച്ചു. അവന്‍ സദാ സമയവും ആലോചനകളില്‍ മുഴുകിയിരിക്കുന്നത്ഞാന്‍ കണ്ടു. അവന്‍ തുറന്നു വെച്ച പേനയുമായി ഇരിക്കുന്ന ഒരു നേരത്ത് ഞാന്‍ അവനെനിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു. അവളോട് പറയാതെ, അവളുടെ മനസ്സറിയാതെ അവനിങ്ങനെഇരുന്നാല്‍ പരീക്ഷകള്‍ കടന്നു പോവുമെന്ന് ഞാന്‍ ഭയന്നു. അവനെന്നെ തുറിച്ചു നോക്കി.ഒന്നും മനസ്സിലാവാത്ത പോലെ ഒറ്റയിരിപ്പ്.

പിറ്റേന്ന് ഉച്ചക്ക്ശേഷമുള്ള ഒഴിവുനേരം ഞാന്‍ ക്ലാസില്‍ വിഷയം അവതരിപ്പിച്ചു.അവളുടെ അസാന്നിധ്യത്തില്‍. അവനിങ്ങനെ പോയാല്‍ ശരിയാവില്ല. തകര്‍ച്ചയിലേക്കാണ് പോക്ക്.എന്തെങ്കിലും ചെയ്തേ പറ്റൂ. അവളോട് ഇക്കാര്യം സംസാരിക്കാമെന്ന് അഭിപ്രായം വന്നു.ഞങ്ങള്‍ നാലഞ്ചു പേര്‍ വൈകിട്ട് അവളോട് അവന്റെ
അവസ്ഥ പറഞ്ഞു. ഒരു പൊട്ടിച്ചിരിയായിരുന്നു.പിന്നെ ഞങ്ങളെ അപരിചതരെന്ന വണ്ണം നോക്കിഅവള്‍ പറഞ്ഞു
:'നിങ്ങള്‍ക്ക് നാണമില്ലേ, അവന്റെ കാര്യം പറഞ്ഞ് വരാന്‍. ആര്‍ക്ക് വേണം അവനെ. കണ്ടാല്‍ മതി.'.
സംസാരം തീര്‍ന്നു. അവള്‍ ഗള്‍ഫില്‍നിന്നു വന്നാല്‍ കെട്ടിക്കൊണ്ടുപോവുന്ന മുറച്ചെറുക്കന്റെപടം കാണിച്ചു തന്നു. പുഴുങ്ങിയ മുട്ടപോലെ കവിളുള്ള ഒരു മീശക്കാരന്‍.

ദൌത്യം തീര്‍ന്നു. അവനെ ഇക്കാര്യം അറിയിക്കണം. എങ്ങനെ എന്ന് പിടിയില്ല. പിറ്റേന്ന്കാലത്ത് അവനെ കൂട്ടി കോളജിനു മുകളില്‍ കാട് പിടിച്ചു കിടക്കുന്ന വെളിമ്പ്രദേശത്ത് ചെന്നു. അനില്‍ പറഞ്ഞു, കാര്യം. തുറന്ന്. ഒരു മയമില്ലാതെ ആ സംസാരം നീണ്ടപ്പോള്‍ ആകെ കുഴങ്ങി.അത് പാതി വഴിയില്‍ നിര്‍ത്തും മുമ്പ് അവന്‍ പറഞ്ഞു, മതി.എന്നിട്ട് തല താഴ്ത്തി മുറിയിലേക്ക് നടന്നു. ഉച്ചക്ക് അവന്‍ ബാഗുമെടുത്ത് പോവുന്നത് കണ്ടെന്ന്ക്ലാസ് കഴിഞ്ഞപ്പോള്‍ ആരോ പറഞ്ഞു.കുറേ കാലം അവനെയാരും കണ്ടില്ല. അവന്റെ ഒരു വിലാസവും കൈയിലില്ലായിരുന്നു.ഒരു ടെലിഫോണ്‍ നമ്പര്‍ പോലും.

ഒരു ദിവസം ഒരു സ്ത്രീ ഡിപ്പാര്‍ട്മെന്റില്‍ വന്നു.അവന്റെ അമ്മയെന്ന് മുഖത്തെഴുതി വെച്ചപോലെ ഒരു പാവം സ്ത്രീ.സാറവരെ ഞങ്ങള്‍ക്കരികിലേക്ക് വിട്ടു. കൂട്ടത്തിലാരോ അവന്റെ പ്രണയ കഥ തീരെ കടുപ്പം കുറച്ച് പറഞ്ഞു.അവരുടെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഏതോ പെണ്‍കുട്ടികള്‍ അവരെ ബെഞ്ചില്‍ കൊണ്ടിരുത്തി.'അവന്‍ ആശുപത്രിയിലാണ്' ^അവര്‍ പറഞ്ഞു. 'മനോരോഗ ചികില്‍സ'. ഭയന്നപോലെ സംഭവിച്ചു. പരീക്ഷ ചൂടുണ്ടായിട്ടും നേരെ അവര്‍ക്കൊപ്പം ആശുപത്രിക്കു വിട്ടു.അവിടെ അവനുണ്ടായിരുന്നു. അതേ മുഖഭാവത്തോടെ. വല്ലാത്തനിസ്സംഗത മൂടിയ കണ്ണുകളോടെ. കടീത്ത ഡിപ്രഷനാണെന്ന് ഡോക്ടര്‍ പറഞ്ഞു.കുറേ നേരം അവിടെ നിന്നു. അവന്‍ ഒന്നുമുരിയാടിയില്ല. ഞങ്ങള്‍ പറഞ്ഞതൊന്നും കേട്ടില്ല. അമ്മ വാവിട്ടു കരഞ്ഞു പെട്ടെന്ന്. എന്തു ചെയ്യുമെന്നറിയാത്തനിമിഷത്തില്‍ ആരോ അവരെ അവിടെ ഇരുത്തി. ഡിപ്പാര്‍ട്മെന്റില്‍നിന്ന് ചെറിയ സമയം കൊണ്ട് ശേഖരിച്ച കുറച്ചു കാശ് അമ്മയെ ഏല്‍പ്പിച്ചു. ഞങ്ങള്‍ എല്ലാം വാക്കും തീര്‍ന്നുപോയരെ പോലെ മടങ്ങി.

അവന്‍ തന്നെയായിരുന്നു പിറ്റേന്ന് ഡിപ്പാര്‍ട്മെന്റിലെയും കാമ്പസിലെയും ഹോസ്റ്റലിലെയും ചര്‍ച്ചാവിഷയം. ആരോക്കെയോ അവളോട് കയര്‍ത്തു സംസാരിച്ചു. അവനില്‍ പ്രണയം കുത്തിവെച്ച സഹപാഠിയെ കൂട്ടത്തിലാരോ തല്ലി. പിറ്റേന്ന് മുതല്‍ അവള്‍ ക്ലാസില്‍ വന്നില്ല. പിന്നെയും നാലഞ്ച് തവണ അവനെ കാണാന്‍ പോയി.
കുറച്ച് കൂടി കാശുണ്ടാക്കിയിരുന്നു. അത് അമ്മയെ ഏല്‍പ്പിച്ച് മടങ്ങി. പിന്നെ പരീക്ഷ വന്നു.രണ്ടാം വര്‍ഷം.
അത് കഴിഞ്ഞ് വെക്കേഷന്‍. അതിനിടെ ആശുപത്രിയില്‍ ചെന്നു ഒരിക്കല്‍. അവര്‍ മടങ്ങിയിരുന്നു.

പിന്നെ ഡിപ്പാര്‍ട്മെന്റില്‍നിന്ന് വാങ്ങിയ വിലാസം വെച്ച് അവനെത്തേടി ചെന്നു. കാടിനോട് ചേര്‍ന്ന ഗ്രാമം. അവിടെ കണ്ട ചായക്കടയില്‍ അന്വേഷിച്ചു. അവനെ അവര്‍ക്ക് മനസ്സിലായി.'അവരൊക്കെ വീടും വിട്ട് പോയല്ലോ മക്കളെ'^കടയിലെ പ്രായം ചെന്ന താടിക്കാരന്‍ പറഞ്ഞു. അച്ഛന്‍ മരിച്ചശേഷം അവനും അമ്മയും അനിയത്തിയും തീരെ ദാരിദ്യ്രത്തിലാണ് കഴിഞ്ഞതെന്ന് അയാള്‍ പറഞ്ഞു. അമ്മ കൂലിവേല ചെയ്തു. അവനും പണിയെടുത്ത് പഠിച്ചു. ഇതിനിടെയാണ് പ്രീഡിഗ്രിക്ക് നല്ല മാര്‍ക്ക് കിട്ടുന്നതുംഅവിടത്തെ ഏതോ സംഘടന സ്പോണ്‍സര്‍ ചെയ്ത് അവന്‍ ബിരുദ പഠനത്തിന് എത്തുന്നതും.ഇപ്പോള്‍ അവനും സഹോദരിയും അമ്മയുടെ സഹോദരനൊപ്പമായിരിക്കുമെന്ന് അയാള്‍ പറഞ്ഞു.
അതെവിടെയാണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ കൈമലര്‍ത്തി.

പിന്നെ അവനെയാരും കണ്ടിട്ടില്ല.

Wednesday, June 10, 2009

തിരുനെല്ലി

അവര്‍ നാലു പേരായിരുന്നു.
അവന്റെ അമ്മ. അമ്മാവന്‍. അമ്മാവന്റെ രണ്ട് മക്കള്‍.
അമ്മയെ ആദ്യം കാണുകയാണ്. അവനെപ്പോലെ തന്നെ.അതേ നിറം. അതേ ചിരി.
ആ കണ്ണുകള്‍ മാത്രം ഏറെ വിളറിയ ജീവിതത്തെ ഓര്‍മ്മിപ്പിച്ചു. അമ്മാവനും അവന്റെ രൂപം.
അതേ സൌമ്യത. കാണുമ്പോഴെ കൈ പിടിക്കുന്ന ആ അടുപ്പം. ഞങ്ങള്‍ അവരെ കാത്തുനില്‍പ്പായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍. പുലര്‍ച്ചെ വണ്ടിക്ക്അവരെത്തുമെന്ന് തിരുവനന്തപുരത്തുനിന്ന് ചങ്ങാതിവിളിച്ചു പറഞ്ഞിരുന്നു. അതിനാല്‍, മതിവരാത്തഉറക്കം കുടഞ്ഞെറിഞ്ഞ് പുലര്‍കാല മഴയിലൂടെ സ്റ്റേഷനിലേക്ക് പായുകയായിരുന്നു ഞങ്ങള്‍. ഞാനും ചങ്ങാതിയും.

അവന്റെ വീട് സ്റ്റേഷനടുത്താണ്. അവരെ അങ്ങോട്ടാണ് കൊണ്ടുപോവേണ്ടത്. വിശ്രമിക്കാനും പ്രാതല്‍ കഴിക്കാനും. രാവിലെ, തിരുനെല്ലിക്കുള്ള ബസില്‍ അവര്‍ക്ക് പോവേണ്ടതാണ്.
രണ്ടു മൂന്ന് ബാഗുകളുണ്ടായിരുന്നു അവരുടെ കൈയില്‍. രണ്ടുനാളത്തെ യാത്രയുടെ ഒരുക്കം.
പിന്നെ, ഒരു തുണിക്കെട്ടും. വീട്ടിലെത്തി. അകത്തു കയറുമ്പോള്‍ ആ തുണിക്കെട്ട് മാത്രംഅവര്‍ പുറത്തുവെച്ചു. മഴവെള്ളത്തിനരികെ അതങ്ങനെ വെക്കുന്നതിലെ അസ്വാഭാവികത ഓര്‍ത്ത് ഞാനത്അകത്തേക്കെടുക്കാന്‍ നോക്കി.
''വേണ്ട, അതവിടെ കിടക്കട്ടെ. വീടിനകത്ത്കയറ്റണ്ട''^അമ്മാവന്‍ പെട്ടെന്നെന്നോട് പറഞ്ഞു.
ആ കണ്ണുകളില്‍ അസാധാരണമായ ഒരു ഭാവം. പൊടുന്നനെ, എനിക്ക് മനസ്സിലായി, അതെന്തെന്ന്.
അത് അവന്റെ ചിതാഭസ്മമാണ്. അത് നിമജ്ജനം ചെയ്യാനാണ്പത്തനംതിട്ടയിലെ ഉള്‍നാട്ടില്‍നിന്ന് വയനാട്ടില്‍മലമുകളിലുള്ള പുരാതനമായ ആ ക്ഷേത്രത്തിലേക്ക് അവരുടെ യാത്ര. ആ തുണിക്കെട്ട്
കാണ്‍കെ ഉള്ളുലഞ്ഞു തുടങ്ങി. അവന്റെ ഓര്‍മ മുന്നില്‍ വന്നുനിന്നു. ദൈവമേ, അവനാണ് ആ തുണിക്കെട്ടില്‍അസ്ഥി മാംസാദികളായി കിടക്കുന്നത്.
പലതായി ചിതറിയ ശരീര ഭാഗങ്ങള്‍ യോജിച്ച് അവനാ തുണിക്കെട്ടില്‍നിന്ന് എഴുന്നേറ്റ് വരുന്നതായി തോന്നി. താങ്ങാനായില്ല, ആ വിചാരത്തിന്‍ പൊള്ളല്‍.

അമ്മ അകത്ത് കസേരയില്‍ ഇരിപ്പായിരുന്നു. പരിചയപ്പെടുത്താനൊന്നും തോന്നിയില്ല.
വെറുതെഅടുത്തിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍അവരവനെ ഓര്‍ത്തെന്ന് മേഘാവൃതമായ ആ കണ്ണുകള്‍പറഞ്ഞു. ഞങ്ങളെ പോലെ തന്നെയായിരുന്നു അവനും. അതേ പ്രായം. അതേ തൊഴില്‍. പെരുമാറ്റം.
ചങ്ങാതിയും അമ്മയും മാത്രമാണ് അവിടെ താമസം. ജോലി മാറിയപ്പോള്‍ അമ്മയെയും കൂട്ടി കോഴിക്കോട്ട്താവളമുറപ്പിച്ചതാണ് അവന്‍.''ഇവിടെ, നിങ്ങള്‍ മാത്രമേയുള്ളൂ''^അമ്മ ചോദിച്ചു. അടുത്തിരുന്ന ചങ്ങാതി വെറുതെ തല കുലുക്കി. ഇപ്പോള്‍ ആ അമ്മയുടെ മനസ്സില്‍ എന്തായിരിക്കുംഎന്ന് എനിക്കറിയാം.

ഇതുപോലൊരു വീട് വാടകക്കെടുത്ത് അമ്മക്കൊപ്പംതാമസിക്കണമെന്ന് അവനും തീരുമാനിച്ചതാണ്.വിഫലമായ ഒരാത്മഹത്യാ ശ്രമത്തിനൊടുവില്‍. അമ്മ അരികത്തുണ്ടാവുന്നതാണ് അവന് നല്ലതെന്ന ബോധ്യത്തില്‍ ചങ്ങാതിമാരും അവന് വീട് തിരഞ്ഞു.ഓഫീസിനടുത്ത് ചില വീടുകള്‍ നോക്കാന്‍ അവനും ചെന്നു. അതിനിടെയാണ്, ഒരിക്കല്‍ കൈവിട്ട മരണത്തെ അവന്‍പാഞ്ഞുപിടിച്ചത്. ഫാനും കൈലി മുണ്ടും കൊണ്ട്അവന്‍ നടത്തിയ പരിശ്രമം ഇത്തവണ അനായാസം ലക്ഷ്യം കണ്ടു. അതേപോലൊരു അമ്മയും മകനുമാണ് ഇവിടെയും. ഈ വീട് അവരില്‍ സങ്കടം നിറക്കാതിരിക്കില്ല എന്നെനിക്ക്തീര്‍ച്ചയായി.
അറ്റമില്ലാത്ത നിശãബ്ദതയുടെ തീവണ്ടി മുറിയില്‍നിന്ന്പൊടുന്നനെ പുറത്തുചാടി, ഞാന്‍ തിരുനെല്ലി ബസിന്റെ കാര്യം പറഞ്ഞു. കാലത്ത് കോഴിക്കോട് നിന്നും തിരുനെല്ലിക്ക് രണ്ട് ബസുണ്ട്. അത് പോയാല്‍, പിന്നെ മാനന്തവാടിക്കു പോയിഏറെ കാത്തിരിക്കേണ്ടി വരും.

അവരെഴുന്നേറ്റു. കുളിക്കണം. പ്രാതല്‍ കഴിക്കണം. വെറുതെയിരിക്കെ തിരുനെല്ലിയെക്കുറിച്ചോര്‍ത്തു.
പഴയൊരു വയനാട് യാത്ര മിന്നല്‍ പോലെ അകത്ത് തെളിഞ്ഞു. അന്ന്, യാത്രയുടെ ആലസ്യവും ബാഗുമായി തളര്‍ന്ന് മുറിയിലേക്ക്ചെല്ലുമ്പോള്‍ അവനുണ്ടായിരുന്നു വാതില്‍ക്കല്‍.
''ഡാ നമുക്കും വയനാട് പോണം''^എന്റെ യാത്രാ വിവരണത്തിനിടെ അവന്‍ പറഞ്ഞു.
''പോവാമെടാ''^ ഞാന്‍ പറഞ്ഞു.''പറ്റിക്കരുത്. പോവണം''^അവന്‍.
''നമുക്ക് തിരുനെല്ലിക്കു പോവാം. നിനക്ക് പിടിക്കും.മഞ്ഞും കാടും.'
'എന്റെ നിര്‍ദേശത്തിന് അവന്‍ കൊടി വീശി. തിരുനെല്ലിയില്‍ അമ്പലത്തിന് കുറച്ചപ്പുറത്തെകെ.ടി.ഡി.സി ടാമറിന്‍ഡ് ഹോട്ടലും പിറകിലെ കാടും പുഴയും ഞാനവന് പറഞ്ഞുകൊടുത്തു. രാവിലെ ആദിവാസികള്‍ക്കൊപ്പംമണിക്കൂറുകള്‍ മല കയറി പക്ഷിപാതാളമെന്ന ഗുഹയില്‍ ചേക്കേറാമെന്ന പറച്ചില്‍അവന്റെ ആവേശം ഊതിക്കത്തിച്ചു. അടുത്ത മാസം തിരുനെല്ലിക്കു പോവാം. അങ്ങനെ തീരുമാനമായി.

ആഴ്ച കഴിഞ്ഞപ്പോള്‍ അവസ്ഥ മാറി. അവന് ട്രാന്‍സ്ഫര്‍. സ്വന്തം തട്ടകത്തേക്ക്. അതിന്റെ സന്തോഷത്തില്‍ അവന്‍ തിരിച്ചുപോക്കിനെകുറിച്ചുമാത്രം പറഞ്ഞു. തിരുനെല്ലി പിന്നെയാവാമെന്ന്അവന്‍ ഇടക്കെന്നെ ആശ്വസിപ്പിച്ചു.

അന്ന് ബാഗുമെടുത്ത് വണ്ടി കയറിയതാണ്. പിന്നെ, ഏറിയാല്‍ ഒന്നര വര്‍ഷം. അതിനിടെ, ആ ഫോണ്‍ കോളെത്തി. '' അറിഞ്ഞോടാ, അവന്‍...''പ്രാതല്‍ കഴിച്ചപ്പോള്‍ പോവാനുള്ള നേരമായി. അവര്‍ക്കൊപ്പം ബസ്സ്റ്റാന്റില്‍ ചെന്നു. ഇതിനകം ഏറെ അടുത്തിരുന്നു.വളരെ കാലമായി അറിയുന്നവരെ പോലെ സംസാരിച്ചു അവര്‍. മാസങ്ങള്‍ക്ക് മുമ്പ്,എന്റെ അമ്മ മരിച്ച വിവരം പറഞ്ഞപ്പോള്‍അമ്മ എന്റെ കൈ കൂട്ടിപ്പിടിച്ചു.
കണ്ണ് നിറഞ്ഞു.

മാനന്തവാടി ബസാണ് കിട്ടിയത്. ബാഗുകളുമായി അകത്തു കയറി. തുണിക്കെട്ട് അമ്മയുടെകൈയിലായിരുന്നു. ഇത്തവണ അത് നിലത്ത് വെച്ചില്ല. കൊച്ചു കുഞ്ഞിനെ പിടിക്കുന്നത് പോലെ അവരത് മടിയില്‍ വെച്ചു.

ബസ് അനങ്ങുന്നതിന് മുമ്പ്, ഇറങ്ങുമ്പോള്‍ അമ്മാവന്‍ ചോദിച്ചു''വരുന്നോ, തിരുനെല്ലിക്ക്...?
'' ഇല്ല, ജോലി തിരക്കുണ്ട്. പറഞ്ഞൊഴിഞ്ഞ് വിന്‍ഡോക്ക് അരികെ വന്നുനിന്നപ്പോള്‍ അമ്മയെ നോക്കി. അവന്റേത് പോലൊരു ചിരി ആ മുഖത്ത്.
വിളറി വെളുത്ത് സാവധാനം അത് മറഞ്ഞു.

വണ്ടി നീങ്ങി.