Wednesday, July 15, 2009

സ്മൃതികളിങ്ങനെ വരയുന്നു ജീവിതം


മുന്നിലുണ്ട്, രാജേഷ്.സദാ തെളിച്ചമുള്ള അവന്റെ ചിരിക്കുന്ന മുഖം. നീണ്ടുനിവര്‍ന്ന് അവന്റെ നടപ്പ്. ഉറ്റവര്‍ കഥാപാത്രങ്ങളാവുന്ന അവന്റെ കാക്കത്തൊള്ളായിരം കഥകള്‍. ഗൌരവമോ, അതെന്ത് മണ്ണാങ്കട്ട എന്നു പറയാതെ പറയുന്ന പല മട്ടിലുള്ള തമാശകള്‍. ഒറ്റവരി വെട്ടാനാവാതെ അകമേ പൂര്‍ണമാവുന്ന അവന്റെ റിപ്പോര്‍ട്ടുകള്‍. കാച്ചി അരംവെപ്പിച്ച കത്തിപോലെ നാടുവാഴുന്നോരുടെ അകംപുറം മുറിക്കുന്ന അവന്റെ രൂക്ഷപരിഹാസ രചനകള്‍. എല്ലാറ്റിനുമപ്പുറം, ഒറ്റ വാക്കുകൊണ്ട് ഏതു കാര്‍മേഘത്തെയും പഞ്ഞിക്കീറാക്കുന്ന തീവ്രസ്നേഹത്തിന്റെ ചൂടുള്ള കൈത്തലം.

മുന്നിലിപ്പോള്‍ അവന്റെ പുസ്തകം നമത് വാഴ്വും കാലവും: ജി. രാജേഷ്കുമാര്‍^ രചനകള്‍, സ്മരണകള്‍. ചൂണ്ടുവിരലിനും നടുവിരലിനുമിടയില്‍ അവന്‍ പിടിച്ച തടിപ്പേന കവറില്‍. നിറഞ്ഞ ചിരിയുടെ പതിവു വൈകുന്നേരങ്ങളില്‍ മുറിച്ചുമാറ്റിയൊരു നേരം പിന്‍കവര്‍ ചിത്രം. ഇടയില്‍ 421 പേജുകള്‍. അവന്‍ ജീവിച്ച കാലത്തെ അടയാളപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍, കുറിപ്പുകള്‍, ലേഖനങ്ങള്‍, കോളം പിന്നെ, ഓര്‍മക്കുറിപ്പുകള്‍. പല ജീവിതങ്ങള്‍കൊണ്ട് ഒരുവനെ അളക്കുന്ന വിധം.

1975 ഒക്ടോബര്‍ രണ്ടിന് പത്തനംതിട്ട ജില്ലയില്‍ പ്രമാടത്ത് ജനനം. അച്ഛന്‍ പി.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍. അമ്മ രത്നമ്മ. സഹോദരി രാജി. പത്തനംതിട്ട കാത്തലിക്കറ്റ് കോളജ്, കോഴഞ്ചേരി സെന്റ്തോമസ് കോളജ്, കാക്കനാട് പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള മനോരമയില്‍ പാര്‍ട്ട്ടൈം ലേഖകന്‍. കുവൈത്ത് ടൈംസ്, അമേരിക്കന്‍ മലയാളി എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. രണ്ടായിരം മുതല്‍ മാധ്യമം സ്റ്റാഫ് ലേഖകന്‍. 2008 മാര്‍ച്ച് 15ന് മരണം.രാജേഷിന്റെ ഈ ബയോഡാറ്റയില്‍നിന്നാണ് പുസ്തകം തുടങ്ങുന്നത്. അതിനപ്പുറം, കേരളത്തിന്റെ വര്‍ത്തമാനങ്ങള്‍, വിദ്യാഭ്യാസം, നിയമസഭ അവലോകനം, നമത് വാഴ്വും കാലവും, വ്യക്തിചിത്രങ്ങള്‍ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി രചനകള്‍. ഇവിടെയെത്തുമ്പോഴാണ് കളി കാര്യമായി മാറുന്നത്. ബയോഡാറ്റയിലെ അയ്യോപാവം കുട്ടിയല്ല രചനകളില്‍. ജീവിക്കുന്ന കാലത്തെയും ലോകത്തെയും മുള്‍മുനയുള്ള ആര്‍ജവവും ബൌദ്ധികമായ സത്യസന്ധതയുംകൊണ്ട് അളന്നുമുറിച്ച് പരിശോധിക്കുന്ന കണിശബുദ്ധിയായ മാധ്യമപ്രവര്‍ത്തകനാണ് ആ താളുകളില്‍. ഏതിരുട്ടും വകഞ്ഞുമാറ്റുന്ന ആഴമുള്ള ഉള്‍ക്കാഴ്ചയും ലളിതമെങ്കിലും ധ്വന്യാത്മകമായ ഭാഷയുംകൊണ്ട് സാദാ പത്രപ്രവര്‍ത്തനത്തെ മറികടക്കുന്ന ചുറുചുറുക്കാണ് ആ വരികള്‍ക്ക്. പാകത വന്ന രാഷ്ട്രീയ സാംസ്കാരിക ബോധമാണ് അതിന്റെ കാതല്‍.

ആമുഖക്കുറിപ്പില്‍ മാധ്യമ പത്രപ്രവര്‍ത്തകനായ ഗൌരി ദാസന്‍ നായര്‍ പരാമര്‍ശിക്കുന്ന 'ചാവുവര' (ഡെഡ്ലൈന്‍) പരിമിതികള്‍ക്കിടയില്‍നിന്നു തന്നെയാണ് ഇവയോരോന്നും പിറന്നത്. എഡിറ്റോറിയല്‍ ഡെസ്കില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രണ്ടാമതൊന്ന് വായിച്ചുനോക്കാന്‍പോലും നേരമില്ലാതെ എഴുതേണ്ടിവരുന്നവ. എങ്കിലും രാജേഷിന്റെ എഴുത്ത് ഈ പരിധികളെ ഉല്ലംഘിക്കുന്നു. 24 മണിക്കൂറിന്റെ ആയുസ്സുപോലുമില്ലാത്ത വാര്‍ത്താ ഉല്‍പന്നങ്ങളെ കാലത്തെ അതിജയിക്കുന്ന മാധ്യമശില്‍പമാക്കുന്ന കരവിരുത് ഈ സൃഷ്ടികള്‍ക്കുണ്ട്. ഇത് കേവല ഭാഷാചാരുതയോ ആഖ്യാനപാടവമോ കൊണ്ട് സൃഷ്ടിക്കുന്നതല്ല. മറിച്ച്, ജീവിച്ച കാലത്തോടും ചെയ്ത ജോലിയോടുമുള്ള പൂര്‍ണ സത്യസന്ധതയാണ്. സ്വന്തം ജനതയോടുള്ള തികഞ്ഞ പ്രതിബദ്ധതയും കാലത്തിന്റെ കൈരേഖ വായിക്കാനുള്ള പാടവവും ഉള്ളിലെ നേരുകള്‍ പച്ചയായി പകര്‍ത്താനുള്ള പ്രതിഭയും ഒത്തുചേരുമ്പോള്‍ മാത്രമേ ഇങ്ങനെയൊന്ന് സാധ്യമാവൂ. മാധ്യമപ്രവര്‍ത്തനം നല്‍കുന്ന സുഖാനുഭവങ്ങളില്‍ അഭിരമിക്കാത്ത ജീവിതത്തിനേ ഇത് പ്രാവര്‍ത്തികമാക്കാനാവൂ. രണ്ടു കൈകളും കൊണ്ടെഴുതുന്ന 'ബുദ്ധിശാലി'കള്‍ക്കിടയില്‍നിന്ന് ഏറെയൊന്നുമെഴുതാതെ രാജേഷിന് കാലത്തെ അടയാളപ്പെടുത്താനാവുന്നത് ജീവിതത്തിന്റെ അകംപുറം കാണാനുള്ള കഴിവുകൊണ്ടുതന്നെയാണ്.

കേരളപ്പിറവിയുടെ വാര്‍ഷികം, സന്നദ്ധ സംഘടനകളുടെ രാഷ്ട്രീയം, കോവളത്തെ വിദേശീബാന്ധവങ്ങള്‍, അമ്മത്തൊട്ടില്‍ കാഴ്ചകള്‍, ട്രോളിംഗ് നിരോധത്തിന്റെ യാഥാര്‍ഥ്യം, കേരളത്തിലെ റോഡുകളുടെ ഉള്ളിലിരിപ്പ്, കാമ്പസ് രാഷ്ട്രീയം, സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നിങ്ങനെ വിഷയങ്ങളാണ് ആദ്യ ഭാഗത്ത്. കോണ്‍ഗ്രസുകാരനെന്ന നിലയില്‍ പി.കെ. ശ്യാംകുമാര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം, കാര്‍ട്ടൂണിസ്റ്റ് കെ. സുജിത്തിന്റെ ജീവിതചിത്രം, അയ്യപ്പപ്പണിക്കരുടെ വ്യക്തിചിത്രം, മുന്‍ നക്സല്‍ നേതാവ് ടി.എന്‍. ജോയി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്‍കിയ പരാതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവയും ഈ ഭാഗത്തുണ്ട്. വിഭിന്നതയുടെ ആഘോഷങ്ങളാണ് ഈ എഴുത്തുകള്‍. ആഖ്യാനത്തിലും ഭാഷയിലും വിഷയങ്ങളിലും വ്യത്യസ്തം. എങ്കിലും എല്ലാത്തിലും അടിവരയായി രാജേഷിന്റെ രാഷ്ട്രീയബോധം വേറിട്ടുനില്‍ക്കുന്നു.

വിദ്യാഭ്യാസമായിരുന്നു റിപ്പോര്‍ട്ടറെന്ന നിലയില്‍ രാജേഷിന്റെ ബീറ്റ്. പാഠ്യപദ്ധതി പരിഷ്കരണങ്ങളെ ആഴത്തില്‍ പഠിച്ചെഴുതിയ റിപ്പോര്‍ട്ടുകളാണ് ഇവ. എ.കെ. ആന്റണി സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിന്റെ രാഷ്ട്രീയം സൂക്ഷ്മമായി പരിശോധിക്കുന്നതാണ് 'ഇനി പണമുള്ളവര്‍ പഠിക്കട്ടെ' എന്ന റിപ്പോര്‍ട്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു, ജനവഞ്ചനക്ക് ഒരു സ്വാശ്രയ മാതൃക എന്ന റിപ്പോര്‍ട്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളും പാഠപുസ്തക കമ്മിറ്റി റിപ്പോര്‍ട്ടുകളും നിലകൊള്ളുന്ന വൈരുധ്യങ്ങളുടെയും കാപട്യങ്ങളുടെയും ആഴം മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണാം. പണമുള്ളവനു മാത്രമായി പള്ളിക്കൂടം മാറുകയും പള്ളികളും പട്ടക്കാരും വിദ്യാഭ്യാസത്തിന്റെ ഭാവി തീരുമാനിക്കുകയും ചെയ്യുന്ന സമകാലത്തെ സാധാരണക്കാരന്റെ മക്കള്‍ക്കുവേണ്ടി വിചാരണ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെയാണ് ഇവിടെ കാണാനാവുക. വിദ്യാഭ്യാസമെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ റിപ്പോര്‍ട്ടും ലേഖനങ്ങളും തട്ടിവിടുന്നവരുടെ കൂട്ടത്തിലായിരുന്നില്ല രാജേഷ്. വ്യക്തമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെ വിദ്യാഭ്യാസരംഗത്തെ സമഗ്രമായി പഠിച്ചും മെനക്കെട്ടുമായിരുന്നു രാജേഷിന്റെ നിരീക്ഷണങ്ങള്‍.

2005 ജൂലൈ നാലു മുതല്‍ 2008 മാര്‍ച്ച് 14 വരെ വിവിധ നിയമസഭാ സമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് രാജേഷ്. കോമാളികളുടെ മാത്രം സര്‍ക്കസ് എന്ന നിലയില്‍ പലപ്പോഴും സഭ തരംതാഴുമ്പോള്‍ ഇതിനല്ല സഭയെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു രാജേഷിന്റെ റിപ്പോര്‍ട്ടുകള്‍. സഭാ നടപടികളുടെ കേവല വിവരണമായിരുന്നില്ല അവ. രൂക്ഷവിമര്‍ശത്തിന്റെയും പരിഹാസത്തിന്റെയും അച്ചുകളിലേക്ക് സഭയെ ഉരുക്കിയൊഴിച്ച് പാകപ്പെടുത്തുന്നവയായിരുന്നു. വഴിയേ പോവുന്നവനെയും വായിപ്പിക്കുന്ന, ചിരിപ്പിക്കുന്ന ഭാഷാവൈഭവം അവക്കുണ്ടായിരുന്നു. സഭാ സ്തംഭനചരിതം: രണ്ടാം ദിവസം, ഒഴിഞ്ഞ ബെഞ്ചുകള്‍ക്കു മുന്നില്‍ സ്വകാര്യ ബില്ലുകള്‍, ബുദ്ധി കൂടിയതിന്റെ ബുദ്ധിമുട്ടുകള്‍, ഇറങ്ങിപ്പോക്കില്‍ തുടക്കം; ഒന്നായി മടക്കം എന്നീ ശീര്‍ഷകങ്ങളുടെ ശീര്‍ഷാസനം ശ്രദ്ധിക്കുക.

2006^08 കാലത്ത് മാധ്യമം തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധീകരിച്ച 'നമത് വാഴ്വും കാലവും' എന്ന കോളമാണ് പുസ്തകത്തിലെ നാലാം ഭാഗം. തലസ്ഥാന നഗരിയിലെ പലമാതിരി തലതിരിയലുകളെ നോക്കിയുള്ള ചാക്യാര്‍ ചിരിയാണ് ഈ കുറിപ്പുകള്‍. നടപ്പുകാലത്തെ രാഷ്ട്രീയ ദീനങ്ങള്‍ക്കുള്ള ഒറ്റമൂലി ചികില്‍സാശ്രമം എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയെ രാജേഷ് ഈ കുറിപ്പുകളിലൊരിടത്ത് ഇങ്ങനെ പരിചയപ്പെടുത്തുന്നു. ''മാധ്യമപ്രവര്‍ത്തകരെന്ന എന്തു കാര്യത്തിലും തലയിടുന്ന പ്രത്യേകയിനത്തെ സൃഷ്ടിക്കണോയെന്ന് കേരളത്തിലെ പരശãതം മാതാപിതാക്കള്‍ ആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത കാലഘട്ടത്തില്‍ മുദ്രാവാക്യം വിളിയുടെ പിള്ളകരച്ചിലോടെ പിറന്നുവീണ പ്രസ്ഥാനമാകുന്നു സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 'തട്ടകം തേടി', 'അരമന രഹസ്യം', 'അസാധു' എന്നീ പംക്തികള്‍ക്കുവേണ്ടി തയാറാക്കിയ കുറിപ്പുകളാണ് അവസാന ഭാഗത്ത്. വ്യക്തിചിത്രങ്ങളാണിവ. നിന്നനില്‍പില്‍ ഇല്ലാതാക്കുംവിധത്തില്‍ നടത്തിയ ഈ പൂഴിക്കടകന്‍ നിരവധി സ്ഥാനമോഹികളെ വെള്ളം കുടിപ്പിച്ചവയാണ്. ജനം തലയറഞ്ഞ് ചിരിച്ചപ്പോള്‍ പംക്തിയില്‍ ഇടംകിട്ടിയ പലരുടെയും തലകള്‍ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഊരിത്തെറിച്ചു. റിപ്പോര്‍ട്ടറേക്കാള്‍ രാജേഷിലെ കാര്‍ട്ടൂണിസ്റ്റിനെയാണ് അവ പ്രതിഫലിപ്പിച്ചത്. ചുരുക്കം വരകളില്‍ കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്ന പണി ലളിതവാചകങ്ങളാല്‍ രാജേഷ് സാര്‍ഥകമാക്കി. സംശയമുണ്ടെങ്കില്‍ ഈ മൂന്നു സാമ്പിളുകള്‍ കാണുക.എം.എ. ബേബി: പക്വതയാണ് സഖാവ് എം.എ. ബേബിയുടെ സ്ഥിരം വേഷം. ബേബിഭാഷയില്‍ 'വാര്‍ധക്യസഹജകമായ ഒരുതരം പക്വത'. കൊല്ലം എസ്.എന്‍ കോളജില്‍ എസ്.എഫ്.ഐ കളിക്കുന്ന കാലത്ത് എടുത്തണിഞ്ഞതാണ്. പിന്നെ ഊരിയിട്ടില്ല. രാമചന്ദ്രന്‍ കടന്നപ്പള്ളി: ഔദ്യോഗിക വാഹനം തീവണ്ടി. ഷര്‍ട്ടില്‍ തുടങ്ങി ജൂബയായി വളരുന്ന വേഷം. മുഖം ഭക്ഷിക്കുന്ന കൃതാവ്. കടുകട്ടി ആദര്‍ശം. പ്രായോഗിക രാഷ്ട്രീയം വട്ടപ്പൂജ്യം. ഇത്രയുമായാല്‍ കോണ്‍ഗ്രസ്^എസ് ആയി, ക്ഷമിക്കണം രാമചന്ദ്രന്‍ കടന്നപ്പള്ളിയായി.എം.ഐ. ഷാനവാസ്: തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ ജയിക്കണമെന്ന അതിമോഹമൊന്നും എം.ഐ. ഷാനവാസിനില്ല. ജയിക്കാത്തതിനാല്‍ ഇനി മല്‍സരിക്കില്ലെന്നോ മറ്റോ പ്രഖ്യാപിക്കാനുള്ള അഹങ്കാരവുമില്ല. തെരഞ്ഞെടുപ്പായാല്‍ ഷാനവാസ് മല്‍സരിക്കും; തോല്‍ക്കും.ഇല്ലാതായ ഒരാളെ പുനഃസൃഷ്ടിക്കുന്നതെങ്ങനെയാണ്? ജീവിതത്തിന്റെ പല നിലങ്ങളില്‍ ശേഷിപ്പിച്ച അടയാളങ്ങള്‍ തപ്പിയെടുത്ത് തേച്ചുമിനുക്കിയാല്‍ ഒരാളെ ഉണ്ടാക്കാം. പക്ഷേ, അത് പഴയ ആളെപ്പോലെ ആവണമെന്നില്ല. കൃത്യമായ അനുപാതങ്ങളില്ലാതെ തോന്നുംപടി ചരിക്കുന്ന ജീവിതത്തെ അടയാളങ്ങള്‍കൊണ്ടു മാത്രം മെനയാനാവില്ലെന്ന് ചുരുക്കം. എങ്കിലും ഓര്‍മകളുടെ അടയാളപ്പലകകള്‍, ഇല്ലാതായ ഒരാളെ പുനര്‍നിര്‍മിക്കാനുള്ള വഴികള്‍ തന്നെയാണ്.

ഈ പുസ്തകത്തിന്റെ അവസാന ഭാഗം ഓര്‍മകളുടേതാണ്. രാജേഷ് എന്ന മനുഷ്യന്‍ ചെന്നുതൊട്ട അനേകം ജീവിതങ്ങളുടെ സാക്ഷ്യപത്രം. അഭാവം എന്ന അവസ്ഥ സൃഷ്ടിക്കുന്ന വൈയക്തിക വിഷാദത്തിന്റെ പെരുമഴക്കുള്ളില്‍ തന്നെയാണ് ഇതിലെ ഓര്‍മകളും രാജേഷിനെ പ്രതിഷ്ഠിക്കുന്നത്. പലതരം മനുഷ്യരുടെ കുറിപ്പുകളാണിതില്‍. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പ്രൊഫഷനലുകളും സാധാരണ മനുഷ്യരും രാഷ്ട്രീയക്കാരും എഴുത്തുകാരുമടങ്ങുന്ന സൌഹൃദവലയം ഓര്‍മകളാല്‍ പുനര്‍നിര്‍മിച്ച ഒരു രാജേഷിനെ ഏറ്റവുമവസാനം കണ്ടെത്താതെ പറ്റില്ല. അതൊരുപക്ഷേ, യഥാര്‍ഥ രാജേഷിന്റെ പകര്‍പ്പാവണമെന്നില്ല. മറ്റൊരാള്‍. പക്ഷേ, അടിമുടി ആ ജീവിതത്തിന്റെ സാധ്യതകള്‍ കോരിയൊഴിച്ച ഒരാള്‍ തന്നെയാവും ആ പുതുനിര്‍മിതി. അങ്ങനെയൊരു സാധ്യതയുടെ പലതലങ്ങള്‍ തന്നെയാവണം ഒരുപക്ഷേ, ഈ പുസ്തകമിറക്കിയ രാജേഷിന്റെ പ്രിയസുഹൃത്തുക്കളുടെയും ലക്ഷ്യം. അത് നിറവേറ്റുന്നുണ്ട്. അന്തരിച്ച കെ. ജയചന്ദ്രനെക്കുറിച്ചുള്ള പുസ്തകത്തിനു ശേഷം സുഹൃത്തുക്കളാല്‍ പ്രസിദ്ധീകൃതമാവുന്ന ഈ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം.

സത്യത്തില്‍, ഇത് രാജേഷിന്റെ പുസ്തകം തന്നെയാണോ? അവനിതിനാളല്ല. ഈ പുസ്തകം അവന്‍ കണ്ടിട്ടില്ല. ഇതിറക്കിയിട്ടില്ല. എങ്കിലും അടിമുടി രാജേഷ് നിറഞ്ഞുനില്‍ക്കുന്ന ഈ പുസ്തകം അവന്റേതു തന്നെയാണ്. സമഗ്രത സ്പര്‍ശിക്കുന്ന അപൂര്‍വമായ ഒരോര്‍മപ്പുസ്തകം. വരികള്‍ തീരുന്നിടത്ത് അവനുണ്ട് നില്‍ക്കുന്നു, ഡാ... എന്ന ഒറ്റവിളിയുടെ അനന്തസൌഹൃദ സാധ്യതകളോടെ.

No comments:

Post a Comment